ന്യൂദല്‍ഹി: കാര്‍ബണ്‍ വാതകങ്ങളുടെ പുറത്തുവിടലിലൂടെയുള്ള നാശത്തില്‍ നിന്ന് ഭൂഗോളത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടി എട്ടു വയസുകാരി. ഹരിതഗൃഹ വാതകങ്ങള്‍ കൂടുതല്‍ പുറത്തുവിടുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായ ഇന്ത്യയെ അതില്‍ നിന്ന് രക്ഷിക്കാന്‍ നിയമ നിര്‍മാണമടക്കമുള്ള സാധ്യതകള്‍ തേടിയാണ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലിസിപ്രിയ കങ്കുജാം മോദിയെ സമീപിക്കുന്നത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തിയെത്തിയിരുന്നു ലിസിപ്രിയ. ഇതിലൂടെ ലക്ഷ്യമിട്ടത് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ തേടല്‍. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ് മണിപ്പൂരിലെ ഈ വിദ്യാര്‍ത്ഥിനി.
ഭൂമിയെ രക്ഷിക്കാന്‍ ചന്ദ്രനിലും സാധ്യതകള്‍ തേടുന്നു ഇവര്‍. ബഹിരാകാശ ശാസ്ത്രജ്ഞയാകാന്‍ ആഗ്രഹിക്കുന്ന ഇവര്‍, ചന്ദ്രനിലെത്തി ഭൂമിയെ രക്ഷിക്കാനുള്ള ഗവേഷണങ്ങള്‍ക്കും ലക്ഷ്യമിടുന്നു.
2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത ലിസിപ്രിയയെ ബോധ്യപ്പെടുത്തിയത്. നാലു വയസ് പ്രായത്തില്‍ ഇവര്‍ തന്റെ അച്ഛനോടൊപ്പം ചേര്‍ന്ന് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി പണം സ്വരൂപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: