പഴയങ്ങാടി: ഇനിയൊരു കളിയാട്ടക്കാലത്തിന് സ്ഥാനം വഹിക്കാന്‍ ഊഴമില്ലെന്ന ഉള്വിളികൊണ്ടാവണം ഈ വര്‍ഷം കളിയാട്ടമില്ലാതിരിന്നിട്ടും കണ്ണേട്ടന് മാടായിക്കാവിന്റെ വടക്കേ നടയിലെത്തി തമ്പുരാട്ടിയമ്മയുടെ അനുഗ്രഹത്തോടെ ഓലക്കുടയും ചൂരക്കോലും അനന്തരാവകാശിക്ക് കൈമാറിയത്.
ഉത്തര കേരളത്തിലെ തെയ്യാട്ടക്കാവുകളുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന മാടായി തിരുവര്‍ക്കാട്ട് കാവിലെ കലശപ്പെരുങ്കളിയാട്ടത്തിന് മേനോത്തീയ്യന് ആചാരസ്ഥാനമലങ്കരിച്ച് അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഇനി രാമപുരത്തെ കോറോക്കാരന്‍ കണ്ണനില്ല. കലശത്തിന്റെ ആരംഭ ദിവസമായ ഇടവ മാസത്തിലെ സംക്രമദിവസം രാവിലെ മുതല്‍ മാടായിക്കാവിലച്ചിയുടെ തിരുമുടി ഉയര്‍ന്ന്, ഭക്തജനങ്ങള്‍ക്ക് ആശ്വാസക്കുളിരേകി തിരുമുടി താഴ്ത്തുന്നതുവരെയുള്ള ചടങ്ങുകള്‍ക്കെല്ലാം മുമ്പിലുണ്ടാവേണ്ടത് മേനോത്തീയ്യനാണ്.
ആചാരകര്മ്മങ്ങള് നടത്തുന്നതില്‍ ആചാരസ്ഥാനമേറ്റ ശേഷം കണ്ണേട്ടന് ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ആറു പതിറ്റാണ്ടിലേറെക്കാലം കളിയാട്ടച്ചടങ്ങുകള്‍ മുടക്കമേതും കൂടാതെ അദ്ദേഹത്തിന് നടത്താന്‍ സാധിച്ചതും ദേവീകൃപ തന്നെ. കണ്ണേട്ടന്റെ ചിട്ടയാര്‍ന്ന ജീവിതശൈലിയാണ് തൊണ്ണൂറിലെത്തിയിട്ടും കഴിഞ്ഞ വര്‍ഷം വരെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: