ന്യൂദല്‍ഹി : കഥപറച്ചിലിന്റെ പ്രാധാന്യത്തെ പറ്റി ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഥകളുടെ ചരിത്രത്തിന് മാനവസംസ്കാരത്തോളം പഴക്കമുണ്ടെന്നും എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ടെന്നും മന് കീ ബാത്തിന്റെ പുതിയ അധ്യായത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗം കഥ പറയുന്ന പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പ്രധാനമന്ത്രി സംസാരിച്ചു. തന്റെ യാത്രകളില്‍ കുട്ടികളുമായി ഉണ്ടായ സംവാദത്തില്‍ നിന്നും കുട്ടികളുടെ ജീവിതത്തില്‍ കഥകളെക്കാള്‍ തമാശയ്ക്കാണ് സ്വാധീനം കൂടുതല്‍ എന്ന് തനിക്ക് മനസ്സിലായതായി അ്രദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമ്പന്നമായ പാരമ്പര്യ കഥ പറച്ചില് രീതിയെപ്പറ്റി അദ്ദേഹം ചര്‍ച്ച ചെയ്തു. പക്ഷികള്‍ മൃഗങ്ങള്‍, അപ്സരസുകള്‍ എന്നിവ നിറഞ്ഞ പാരമ്പര്യ ഹിതോപദേശത്തിലെയും , പഞ്ചതന്ത്രത്തിലെയും സാങ്കല്പിക കഥാ ലോകത്തിലൂടെ കുട്ട്കളില്‍ ബുദ്ധി ശക്തി വളര്‍ത്താന്‍ കഴിയുമായിരുന്നു. മതപരമായ പ്രാചീന കഥപറച്ചില്‍ രീതിയായ’ കഥ’യെപ്പറ്റി പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഥയും സംഗീതവും ഒത്തുചേര്‍ന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും വില്പാട്ടിനെ പറ്റിയും പാരമ്പര്യമായ കഥപുത്തലി യെപറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ശാസ്ത്രവും ശാസ്ത്ര അനുബന്ധ നോവലുകളും അടിസ്ഥാനമായ കഥപറച്ചില്‍ രീതിക്ക് ഇപ്പോള്‍ പ്രചാരം ഏറിവരുന്നതായി അദ്ദേഹം പറഞ്ഞു.
കഥ പറച്ചിലിനായുള്ള വിവിധ ഉദ്യമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഐ.ഐ.എമ്മില്‍ നിന്നുള്ള ബിരുദധാരിയായ അമര്‍ വ്യാസ് നടത്തുന്ന ‘Gathastory.in’, മറാത്തിയില്‍ ശ്രീമതി വൈശാലി വ്യവഹാര ദേശ പാണ്ടേ, ചെന്നൈയില്‍ നിന്നുള്ള ശ്രീവിദ്യാ വീര്‍ രാഘവന് എന്നിവര്‍ നമ്മുടെ സംസ്കാരവുമായി ചേര്‍ന്ന കഥകളുടെ പ്രചാരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗീതാ രാമാനുജന്റെ സംരംഭമായkathalaya.org, മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ബംഗളുരുവിലെ ശ്രീ വിക്രം ശ്രീധര്‍ എന്നിവരെ പറ്റിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബംഗളൂരു സ്റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ അംഗങ്ങളായ അപര്‍ണ ആത്രയും സംഘവുമായി അദ്ദേഹം സംവദിച്ചു. കൃഷ്ണദേവരായരുടെയും തെന്നാലിരാമന്റെയും കഥ ആ സംഘം പറഞ്ഞു.
രാജ്യത്തെ മഹത്വ്യക്തികളുടെ ജീവിതം കഥയിലൂടെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കാന് പ്രധാനമന്ത്രി കഥ പറച്ചില്കാരോട് ആവശ്യപ്പെട്ടു. വീടുകളില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ശീലം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ക്കുള്ള കഥപറച്ചില്‍ പൊതുജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ആഴ്ചയും ദയ, ധൈര്യം, ത്യാഗം, സ്നേഹം തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത് ഓരോ കുടുംബാംഗവും അതിനെപ്പറ്റി കഥ പറയണം എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവച്ചു. രാജ്യം ഉടന്‍ തന്നെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനവാര്ഷിക ആഘോഷം നടത്തുന്ന വേളയില്‍ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട്പ്രചോദനാത്മക സംഭവങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം കഥപറച്ചില്‍കാരോട് ആവശ്യപ്പെട്ടു. 1857 മുതല്‍ 1947 വരെയുള്ള ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും കഥാരൂപത്തില്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: