കല്‍പ്പറ്റ: വര്‍ഷങ്ങളായി ഉപകാരമില്ലാതെ പൂട്ടി കിടക്കുകയാണ് കമ്മനയിലെ വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ്. കമ്മന കുരിശിങ്കലില്‍ ആണ് 30 ടണ്‍ വരെ സംഭരണശേഷിയുള്ള 40000 അടി വിസ്താരമുള്ള കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന ഫ്രീസര്‍ സംവിധാനത്തോടുകൂടിയ ശീതീകരിച്ച കെട്ടിടമാണിത്.
പനമരം മാനന്തവാടി മെയിന്‍ റോഡില്‍ നിന്നും രണ്ടര കിലോ മീറ്റര്‍ അകലെ കുണ്ടാല കമ്മന ഗ്രാമീണ റോഡിലാണ് കെട്ടിടം. 2,49,66341 രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 2526197 രൂപ മുടക്കി ഇതിലേക്കായി 8 ടണ്‍ കപ്പാസിറ്റിയുള്ള ഒരു വീഫര്‍ വാന്‍ ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ വേറെയും വാങ്ങിയിരുന്നു. 2001ല്‍ തുടക്കംകുറിച്ച വിഎഫ്പിസികെയുടെ നിയന്ത്രണത്തില്‍ കേന്ദ്രസംസ്ഥാന ഫണ്ട് വിനിയോഗിച്ചായിരുന്നു നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഒരു സെന്റിന് 25000 രൂപ നിരക്കില്‍ സ്ഥലം ലഭിക്കും എന്നിരിക്കെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചത്.
മാസം 15000 രൂപയില്‍ അധികം തറവാടക നല്കി 15 വര്‍ഷത്തേക്ക് ലീസിന് എടുത്താണ് ഈ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം കെട്ടിടം ഉള്‍പ്പെടെ പൂര്‍ണമായും സ്വകാര്യവ്യക്തിയുടെ കയ്യില്‍ ആവുകയും ചെയ്യും. ഭൂമി സ്വന്തമായി വാങ്ങുന്നതിന് ചിലവിടേണ്ട തുകയില്‍ അധികം ഇപ്പോഴേ തറ വാടകയായി നല്‍കിക്കഴിഞ്ഞു. വയനാട്ടിലെ നേന്ത്രക്കായ അണുവിമുക്തമാക്കി വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നതിനും, അതുവഴി, വയനാട്ടിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഉണ്ടാക്കിയത്. നേന്ത്രവാഴ കൃഷി വയനാട്ടിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ്.
ജില്ലയില്‍ ആയിരക്കണക്കിന് ഏക്കറില്‍ വാഴകൃഷി ഉണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വയനാട്ടില്‍ നിന്നും നേന്ത്രക്കായ ശേഖരിച്ചിരുന്നു. എന്നാല്‍ പിന്നീട് കെടു കാര്യസ്ഥത മൂലം വിഎഫ്പിസികെ പൂട്ടുകയാണുണ്ടായത്.പിന്നീട് ഒരു വ്യക്തി കെട്ടിടം വാടകയ്ക്കെടുത്ത് ഉള്ളിയും ചക്കച്ചുളയും വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീത് അതും പൂട്ടുകയുണ്ടായി. വാഹനങ്ങളും കെട്ടിടവും അതിലെ യന്ത്രസാമഗ്രികളും, ഇതിലേക്ക് വേണ്ടി മാത്രം സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്.
പഴവും പച്ചക്കറികളും ആറുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന കെട്ടിടമാണ് ഇങ്ങനെ നശിക്കുന്നത്. കഴിഞ്ഞവര്‍ഷം വയനാട്ടില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച 80 ടണ്ണില്‍ അധികം നേന്ത്രക്കായ ബത്തേരി അമ്മായി പാലത്തെ ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍ ഇട്ട് പഴുപ്പിച്ചും ചീച്ചും നശിപ്പിച്ചു കളഞ്ഞിരുന്നു. 9284 ജീവനക്കാരുള്ള കേരള സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പില്‍ നിന്നാണ് ഇത്തരം ദുരവസ്ഥ ഒരു നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. എന്നിട്ടും കൃഷി വകുപ്പ് കെട്ടിടം തുറക്കാനുള്ള സംവിധാനം ചെയ്തില്ല. തികച്ചും കര്‍ഷക വിരുദ്ധമായ നിലപാടാണ് കൃഷി വകുപ്പ് കെട്ടിടം തുറക്കാത്തതിലൂടെ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: