ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും, മുതിര്‍ന്ന ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു ജസ്വന്ത് സിങ്.
വാജ്പേയ് സര്‍ക്കാരില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. പ്രതിരോധ ധനകാര്യ മേഖലകളില്‍ ജസ്വന്ത് നിര്‍ണ്ണായക ഇടപെടലുകളാണ് നടത്തിയിട്ടുണ്ട്. ഇന്ത്യ- യുഎസ് ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്.
ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. അടല്‍ജിയുടെ കാലത്ത് നിര്‍ണായകമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത ജസ്വന്ത് ജി, പ്രതിരോധ, ധനകാര്യ മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
പ്രമുഖ ബിജെപി നേതാവായ ജസ്വന്ത് സിങ്ങിന്റെ യോഗം കനത്ത ദുഃഖം ഉളവാക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെളിപ്പെടുത്തി. പ്രതിരോധം അടക്കമുള്ള വിവിധ മേഖലകളുടെ ചുമതല വഹിച്ചു കൊണ്ട് അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും, നിയമസഭാംഗമെന്ന നിലയിലും, മന്ത്രിയെന്ന നിലയിലും തന്റെ കാര്യക്ഷമത കൊണ്ട് അദ്ദേഹം വേറിട്ടു നിന്നിരുന്നുവെന്നും രാജ്നാഥ്സിങ് അറിയിച്ചു.
ബിജെപി ടിക്കറ്റില്‍ അഞ്ച് തവണ രാജ്യസഭയിലെത്തിയ ജസ്വന്ത് സിങ് നാല് തവണ ലോക്സഭയിലേക്കും മത്സരിച്ചു വിജയിച്ചിരുന്നു. 1980, 1986, 1998, 2004 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിങ് 1990,1991,1996,2009 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചു.
ഒരു വര്‍ഷത്തോളം കാലം പ്ലാനിങ് ബോര്‍ഡിന്റെ ഉപാധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2009 രാജ്യസഭ പ്രതിപക്ഷനേതാവായിരുന്നു. 2014 ആഗസ്റ്റില്‍ വീട്ടിലെ ബാത്ത് റൂമില്‍ വീണ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്നു മുതല്‍ കിടപ്പിലായ ജസ്വന്ത് സിങ് ഇത്ര വര്‍ഷവും കോമയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: