തിരുവല്ല: ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവരാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന് സജയന്, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര റാന്നിമുക്ക് ജവാന്‍നഗര്‍ സുധീര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പ്രതികളുടെ പക്കലില്‍ നിന്ന് മൂന്ന് വാഹനങ്ങളും പ്രിന്റര്‍, പെന്‍ഡ്രൈവ് തുടങ്ങിയവയും പിടിച്ചെടുത്തു.
തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിലാണ് സംഘം താവളമടിച്ചത്. രണ്ട് രീതിയിലാണ് സംഘം തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ നോട്ടിന്റെ ഫോട്ടോ പ്രിന്റ് എടുത്ത് ശേഷം അതിന്റെ വീഡിയോ ഏജന്റുമാര്‍ക്ക് അയച്ച് കൊടുക്കും. പത്ത് ലക്ഷം രൂപ നോട്ട് നിര്മിക്കണമെങ്കില് മൂന്നര ലക്ഷം രൂപ ചെലവാകുമെന്ന് പറയും. ഈ തുക വാങ്ങിയ ശേഷം നോട്ട് കൊടുക്കാതെ പണം തട്ടുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ സമ്പാദിച്ചതെന്ന് സംശയിക്കുന്ന 3.94 ലക്ഷം രൂപ പ്രതികളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. കൂടാതെ യഥാര്‍ത്ഥ നോട്ട് കാണിച്ച ശേഷം വ്യാജ നോട്ട് കൊടുത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.
പൊന്നാനി, പെരുന്തല്‍മണ്ണ, ചക്കരക്കുളം തുടങ്ങിയ സ്റ്റേഷനുകളിലെ കേസില്‍ പ്രതികളാണ്. പിടിയിലായ യുവതിയും സമാനമായ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കര്‍ണ്ണാടകയില്‍ നിന്നാണ് വ്യാജ നോട്ട് നിര്‍മാണം പഠിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇരുപത്തിയാറാമത്തെ വയസ്സ് മുതല്‍ ഇതില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഡിവൈഎസ്പി പി.ടി. രാജപ്പന്,സിഐ വിനോദ്, എസ്ഐ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: