കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം സാക്ഷ്യം വഹിച്ച ഏറ്റവും നിഷ്ഠൂരമായ ഇസ്ലാമിക ജിഹാദായിരുന്നു മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാര്‍ കലാപം. തുര്‍ക്കി സുല്‍ത്താന്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് അതിനു കാരണക്കാരായ ബ്രിട്ടീഷുകാര്‍ക്കെതിരെ ലോകമെങ്ങും മുസ്ലീങ്ങളില്‍ ഉടലെടുത്ത മതരോഷമാണ് ഖിലാഫത്ത് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അതിന് ഭാരതത്തിന്റെ സ്വാതന്ത്ര്യവുമായി പുലബന്ധം പോലും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നതു കൊണ്ട് ഉണ്ടായ ഒരേയൊരു വ്യത്യാസം, മതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആവേശം ഉള്‍ക്കൊണ്ടിരുന്ന ജിഹാദികള്‍ക്ക് ആക്രമിക്കാനും കൊല്ലാനും ഏതാനും വെള്ളക്കാരെ കൈയ്യെത്തും ദൂരത്ത് കിട്ടി എന്നതു മാത്രമാണ്. അല്ലായിരുന്നെങ്കില്‍, ബ്രിട്ടീഷുകാരോടുള്ള തങ്ങളുടെ മതവിരോധം പ്രകടിപ്പിക്കാന്‍ ഇന്നത്തെ ഐസിസ് റിക്രൂട്ടുകള്‍ ചെയ്യുന്നതുപോലെ തുര്‍ക്കിയിലേക്കൊ, ബ്രിട്ടീഷുകാരുള്ള മറ്റിടങ്ങളിലെക്കൊ അവര്‍ പോകേണ്ടി വരുമായിരുന്നു. ഇന്ത്യന്‍ ജനതയുടെ പാരതന്ത്ര്യത്തോട് അനുതാപം പുലര്‍ത്തുകയോ നമ്മോട് ഐക്യപ്പെടുകയോ ചെയ്തിരുന്ന ഒരു രാജ്യം പോലുമായിരുന്നില്ല തുര്‍ക്കി.
ആറുമാസങ്ങളോളം നീണ്ടു നിന്ന മലബാര്‍ കലാപം, തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനമായിരുന്നു. എന്നാല്‍ വളരെ വേഗം തന്നെ കാഫിറുകള്‍ക്കെതിരെയുള്ള സമ്പൂര്‍ണ്ണ മതയുദ്ധമായി അതു മാറി. മലബാറിലെ പ്രാദേശിക മതനേതാക്കളുടെ നേതൃത്വത്തില്‍ ഒരു മതരാജ്യം സ്ഥാപിക്കുകയായിത്തീര്‍ന്നു അതിന്റെ ലക്ഷ്യം. യാഥാസ്ഥിതിക ഇസ്ലാമിക മതാധിപത്യത്തിന്‍ കീഴില്‍ ഒരു രാജ്യം ഉണ്ടാക്കിയെടുക്കാനുള്ള ഐസിസ് ഭീകരന്മാരുടെ ഇന്നത്തെ ജിഹാദിനേയും സാമ്രാജ്യത്വത്തിന് എതിരെയുള്ള പോരാട്ടമായിട്ടാണ് ഇരട്ടത്താപ്പുകാരായ ഇടതുപക്ഷ രാഷ്‌ട്രീയക്കാര്‍ ചിത്രീകരിക്കുന്നത്. ഈ ഹാലിളക്കത്തിനിടയില്‍ അരങ്ങേറുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളെ അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഖുറാസാനിലെ ജിഹാദി സ്വാധീന മേഖലകളില്‍ പെട്ടുപോയ കുര്‍ദുകളും, യസീദികളും, ക്രിസ്ത്യാനികളും, ജൂതരുമെല്ലാം ഇന്ന് നേരിട്ടു കൊണ്ടിരിയ്‌ക്കുന്ന നരകയാതനകള്‍ അവരെ അലോസരപ്പെടുത്തുന്നേയില്ല. ലോകത്തിന്റെ മുഴുവന്‍ കണ്‍മുന്നില്‍ ഇന്ന് നടക്കുന്ന സംഭവങ്ങളെ പോലും ഇങ്ങനെ വെള്ളപൂശാനും ചരിത്രത്തെ അപനിര്‍മ്മിക്കാനും ശ്രമം നടക്കുമ്പോള്‍, ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സമാന സംഭവങ്ങളുടെ കാര്യം പറയാതിരിക്കുകയല്ലേ ഭേദം ?
1921 ആഗസ്ത് 21 ന് ആരംഭിച്ച് ഏതാണ്ട് ആറുമാസക്കാലം നീണ്ടുനിന്ന ലക്ഷണമൊത്ത ജിഹാദായിരുന്നു മലബാര്‍ കലാപം. അത് തീര്‍ത്തും ഏകപക്ഷീയമായ മതയുദ്ധമായിരുന്നു. ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ എന്തിനാണ് ആയിരക്കണക്കിന് ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെ മതം മാറ്റപ്പെട്ടത് എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. വെള്ളക്കാരുടെ നേരെയാണെങ്കില്‍ പോലും അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്നിരിക്കെ, നൂറുക്കണക്കിന് ഹിന്ദു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് സ്വാതന്ത്ര്യസമരം ആകുന്നതെങ്ങനെ ? നാട്ടുകാരായ പിഞ്ചു കുട്ടികള്‍ പോലും കൊല്ലപ്പെട്ടത് ലക്ഷണമൊത്ത വംശഹത്യയല്ലാതെ മറ്റെന്താണ് ? ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതും കളങ്കപ്പെടുത്തിയതും ഏത് വൈസ്രോയിയെ മുട്ടു കുത്തിക്കാനായിരുന്നു ? ഇതെല്ലാം ലഹളസമയത്ത് അതിന് സാക്ഷ്യം വഹിച്ചിരുന്നവരും അതിനു തൊട്ടു പുറകേ അവിടം സന്ദര്‍ശിച്ച പ്രമുഖരും ദൃക്‌സാക്ഷി വിവരണങ്ങളായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
അന്നത്തെ ഇസ്ലാമിക് സ്റ്റേറ്റുകാരായ ഖിലാഫത്തുകാരും, അല്‍ബാഗ്ദാദിമാരായ വാരിയം കുന്നന്മാരും, ഇമ്പീച്ചിക്കോയമാരും ചെയ്ത പൈശാചിക കൃത്യങ്ങളുടെ ഏകദേശരൂപം കിട്ടാന്‍ തുവ്വൂര്‍ എന്ന ഒരൊറ്റ സ്ഥലത്ത് നടന്ന സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ മതിയാകും. ഖിലാഫത്ത് പ്രചാരകനും കോണ്‍ഗ്രസ്സ് നേതാവും, മാതൃഭൂമിയുടെ സ്ഥാപക മാനേജിങ് ഡയറക്ടറുമായിരുന്ന കെ മാധവന്‍ നായര്‍ ലഹളയ്‌ക്ക് തൊട്ടു പുറകേ എഴുതിയ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ രക്തം മരവിപ്പിക്കുന്ന ആ സംഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരിയ്‌ക്കുന്നു.
1921 സെപ്തംബര്‍ 24 ന് രാത്രി വരാന്‍ പോകുന്ന ആപത്തുകള്‍ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികള്‍ അവരവരുടെ വീടുകളില്‍ കിടന്നുറങ്ങുന്നു. അങ്ങിനെയുള്ള നൂറോളം വീടുകള്‍ നേരം പുലരുന്നതിന് മുമ്പായി മാപ്പിളമാര്‍ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാന്‍ കല്പ്പിച്ചു. അവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ പിടിച്ചുകെട്ടി വിചാരണപ്പാറയില്‍ കൊണ്ടുപോയി വിചാരണ നടത്തി കഴുത്തില്‍ വെട്ടി കിണറ്റിലിട്ടു… ഉടന്‍ മരിയ്‌ക്കാതെ പകുതി ജീവനായി കിടന്നിരുന്നവരില്‍ നിന്നും ദിവസങ്ങളോളം നിലവിളികള്‍ ഉയര്‍ന്നിരുന്നുവത്രെ.
‘ലഹള കഴിഞ്ഞ് കുറച്ചു മാസം കഴിഞ്ഞശേഷം ശ്രീനിവാസ ശാസ്ത്രിയോടു കൂടി ആ കിണറ്റില്‍ ചെന്നു നോക്കുവാന്‍ ഒരവസരം എനിക്കുണ്ടായി. അപ്പോള്‍ അതില്‍ സുമാര്‍ ഇരുപതോളം തല ഞങ്ങള്‍ക്കെണ്ണാന്‍ സാധിച്ചു. ഒരു തല ഈര്‍ച്ചവാള്‍ കൊണ്ട് ഈര്‍ന്നതായി കണ്ടിരുന്നുവെന്ന് ചില സന്ദര്‍ശകര്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ എഴുതിക്കണ്ടതായി ഓര്‍ക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ അതു പരിശോധിയ്‌ക്കുകയുണ്ടായില്ല.’ ‘മലബാര്‍ കലാപം’, (പേജ് 202)
‘അവിടെ നിന്ന് അവര്‍ കൊടക്കലേക്ക് യാത്രയായി. കൊടക്കല്‍ എത്തി സുകുമാരന്‍ എന്ന ഒരു ചായഷാപ്പുകാരന്റെ പീടികയില്‍ കയറി. അയാളുടെ കോലായില്‍ ജേക്കബ് എന്നും ഐസക്ക് എന്നും രണ്ടു ക്രിസ്ത്യാനികള്‍ കിടന്നിരുന്നു. അവര്‍ രണ്ടുപേരെയും മാപ്പിളമാര്‍ കൊന്നു. അതിനു ശേഷം യേശുമിത്രന്‍ എന്ന ഒരു സ്‌കൂള്‍ മാസ്റ്ററെയും അയാളുടെ അഞ്ചു മക്കളെയും ഇവര്‍ വെട്ടി മുറിയാക്കി. അതില്‍ യേശുമിത്രന്‍ മരിച്ചു. പിന്നെ അവര്‍ വളരെ വീടുകള്‍ വളഞ്ഞു. അതിലുള്ളവരെയെല്ലാം പുറത്തേക്കോടിച്ചു. സാമാനങ്ങളെല്ലാം കൊള്ളചെയ്തു കൊണ്ടു പോയി. അവസാനം തിരൂരില്‍ നിന്നു പട്ടാളം വരുമെന്നു ഭയപ്പെട്ട് അവര്‍ അവിടംവിട്ടു പൊയ്‌ക്കളഞ്ഞു’ (പേജ് 211)
ജിഹാദികളുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഒരു ചിത്രം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഹാലിളകി, വംശഹത്യയില്‍ ഏര്‍പ്പെട്ടിരുന്ന ജനക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ സ്വഭാവികമായും പട്ടാളക്കാര്‍ എത്തും. ചിലയിടത്ത് ഏറ്റുമുട്ടലുകളും ചിലയിടത്ത് തിരിഞ്ഞോട്ടവും നടന്നു. പിന്നീട് ഇവയെല്ലാം പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹതയുള്ള ‘സ്വാതന്ത്ര്യസമര പോരാട്ടങ്ങളായി’ മാറി.
മാധവന്‍ നായര്‍ തുടര്‍ന്നു പറയുന്നു
‘മാപ്പിളമാരുടെ ഈ ആക്രമണം ക്രിസ്ത്യാനികള്‍ക്ക് എന്തെന്നില്ലാത്ത ഭയവും പരിഭ്രമവും ഉണ്ടാക്കി. അവരെല്ലാം പലവഴിക്കും ഓടിപ്പോയി. ചിലര്‍ കോഴിക്കോട്ടേക്കും ചിലര്‍ പാലക്കാട്ടേക്കും പോയി രക്ഷ പ്രാപിച്ചു. വളരെ സുഭിക്ഷമായ കൊടക്കല്‍ പ്രദേശം ഒരു മരുഭൂമി പോലെ നിര്‍ജീവമായി തീര്‍ന്നു’
ഇന്ന് ശ്മശാനഭൂമികളായി മാറിക്കഴിഞ്ഞ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പല പ്രദേശങ്ങളും കാണുന്നവര്‍ക്ക് മേല്‍വിവരിച്ച സമാന സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.
കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളെ ചൊല്ലി ഇപ്പോള്‍ പ്രതികാരം ചെയ്യേണ്ടതുണ്ടോ ? തീര്‍ച്ചയായും പാടില്ല. എന്നാല്‍ ചരിത്രത്തിലെ പാഠങ്ങളെ വിസ്മരിക്കാനും വെള്ളപൂശാനും പാടില്ല എന്നതും അതേപോലെ സുപ്രധാനമാണ്. അങ്ങനെ വന്നാല്‍ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവസരം ഒരുക്കുകയാവും ഫലം. ഇന്ന് അത്തരം വെള്ളപൂശലുകള്‍ നിര്‍ബാധം നടക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ‘ഇരുപത്തൊന്നില്‍ ഊരിയ വാള്‍, അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്ന് തക്ബീര്‍ മുഴക്കി കേരളത്തിലെ തെരുവുകളിലൂടെ മാപ്പിളവേഷക്കാര്‍ പ്രകടനമായി നീങ്ങിയത് കേവലം ആറു മാസം മുമ്പാണ്. കൂട്ടക്കൊലയായാലും, കള്ളക്കടത്തായാലും അതിന് സാമൂഹ്യവിരുദ്ധര്‍ക്ക് മതത്തിന്റെ മറ ലഭിക്കും എന്ന് വരുന്നത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. ദാവൂദ് ഇബ്രാഹിം ചിലരുടെ മാതൃകാ ബിസിനസ്സുകാരന്‍ ആവുന്നതും, സക്കീര്‍ നായിക്ക് ഇസ്ലാമിക ശങ്കരാചാര്യന്‍ ആവുന്നതും, വാരിയം കുന്നന്‍ സ്വാതന്ത്ര്യ സമരനായകന്‍ ആവുന്നതും അത്യന്തം ഗൗരവമുള്ള സംഗതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: