തിരുവനന്തപുരം: കഴിഞ്ഞ ദിവസം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ബാലരാമപുരത്ത് കഞ്ചാവ് കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ പ്രതി വഞ്ചിയൂര്‍ സ്വദേശി സുരേഷ്കുമാറാണ് കഴിഞ്ഞദിവസം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. മെഡിക്കല്‍ കോളേജ് സ്വദേശി ജോമിത്, വഞ്ചിയൂര്‍ സ്വദേശി സുരേഷ്കുമാര്‍, കഴക്കൂട്ടം പഞ്ചായത്ത് നട സ്വദേശി വിപിന്‍ രാജ് എന്നിവരാണ് ഇയാള്‍ക്കൊപ്പം പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കഴിഞ്ഞദിവസം പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വഞ്ചിയൂര്‍ സുരേഷ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കെയാണ് കഞ്ചാവ് മയക്കുമരുന്നിന്റെ കച്ചവടത്തിലേര്‍പ്പെട്ട് പിടിയിലായത്. ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. 2008 ഒക്ടോബറിലാണ് രഞ്ജിത്തിനെ സുരേഷ്കുമാര്‍ അടങ്ങിയ സിപിഎം ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 17ന് പുലര്‍ച്ചെ മണ്ണന്തല കോട്ടമുഖത്തുള്ള പച്ചക്കറികട തുറക്കാന്‍ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം രഞ്ജിത്തിനെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. കഞ്ചാവുമായി പിടികൂടിയ സുരേഷ്കുമാര്‍, രഞ്ജിത് കൊലക്കേസിലെ പതിനൊന്നാം പ്രതിയാണ്. കൃഷ്ണകുമാര്‍, നാരായണന് കുട്ടി, ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്, ഫിറോസ് ഖാന്, വിഷ്ണു, ശങ്കര സുബ്രമണ്യം, ഗോഡ്വിന് ഡെന്നിസ്, സുരേഷ് എന്നിവരാണ് മറ്റ് ഒന്നു മുതല്‍ പത്തുവരെ പ്രതികള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയില്‍ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വെഞ്ഞാറമൂട് കൊലപാതകവും കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിന്റെ തെളിവുകളാണ്. ജാമ്യത്തിലിറങ്ങുന്ന പല പ്രതികളും വീണ്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസിനും കഴിയുന്നില്ല. ഇവരെ രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവും നിലനില്ക്കുന്നു.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം കൊടിനടയില്‍ വച്ച് കഞ്ചാവുമായി അതിര്‍ത്തികടന്നു വന്ന രണ്ട് ഇന്നോവ കാറുകള്‍ പിടികൂടിയത്. എക്സൈസ് സംഘം മറ്റൊരു വാഹനം കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: