തിരുവനന്തപുരം: സര്‍ക്കാര്‍ ധൃതികാട്ടി ഒരു രക്തസാക്ഷിയുടേയോ സാമൂഹ്യപരിഷ്കര്ത്താവിന്റേയോ പരിവേഷം ചാര്‍ത്തപ്പെടുന്ന ഒരു പ്രതിമ പോലെ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിച്ചാല്‍ അത് ഗുരുദേവ ഭക്തരെ അങ്ങേയറ്റം വ്രണപ്പെടുത്തുമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ‘നമുക്ക് ജാതിയില്ല’, വിളംബര ശതാബ്ദി സ്മാരകമായി ശ്രീനാരായണഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് തുറന്ന സ്ഥലത്ത് ഇന്നലെ അനാച്ഛാദനം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗുരുമന്ദിരം കണക്കെ മനോഹരമായി രൂപകല്‍പ്പന ചെയ്യുന്ന സ്മൃതിമണ്ഡപത്തില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പുലര്‍ത്തണമെന്നും വിശുദ്ധാനന്ദ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരുവിന്റെ വെങ്കലപ്രതിമ തിരുവനന്തപുരത്തു സ്ഥാപിക്കാന്‍ തീരുമാനമെടുത്തപ്പോള്ത്തന്നെ നഗരങ്ങളില്‍ പറവകള്ക്കിരുന്ന് വിശ്രമിക്കാനും കാഷ്ഠിക്കാനും അവസരമേകുന്ന മറ്റു പ്രതിമകള്‍ കണക്കെ സ്ഥാപിക്കരുതെന്ന് ശിവഗിരി മഠം ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ ആരാധ്യഭാവത്തിന് ഒട്ടും കോട്ടം തട്ടാത്തവിധം ഗുരുദേവ പ്രതിമ സ്ഥാപിക്കുകയാണ് വേണ്ടത്. അതിനോടൊപ്പം നാലുപുറവും ഒരു പൂന്തോട്ടമുണ്ടാക്കി, നല്ല വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച്, തറകള്‍ കെട്ടി, എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് വായനശാലകള്‍ സ്ഥാപിക്കണം. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാല് ജനങ്ങള്‍ വരുകയും ആരോഗ്യം വര്‍ധിക്കുകയും നല്ല വിചാരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന ഗുരുദേവസങ്കല്പ്പത്തിന് അനുരൂപമായ നിലയില്‍ അവിടം പരിപാലിക്കണം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ‘ഗുരുമന്ദിരം’ ആയി കാലം അടയാളപ്പെടുത്തും. ഇല്ലെങ്കില്‍ ഗുരുദേവനോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനത്തിനേല്ക്കുന്ന വലിയൊരു കളങ്കമായി അത് അടയാളപ്പെടുത്തുമെന്നും വിശുദ്ധാനന്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: