കൊച്ചി: നാവികസേനയുടെ യുദ്ധമുഖത്ത് ഇനി പെണ്‍കരുത്തും. യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടര്‍ പറത്താന്‍ തെരഞ്ഞെടുത്ത ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ കൊച്ചി നാവികസേന ഒബ്സര്‍വര്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് നാവികസേന യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്ടര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിനായി തെരഞ്ഞെടുത്ത ആദ്യ വനിത ഉദ്യോഗസ്ഥര്‍.
നിരീക്ഷകരായാണ് ഇവരുടെ നിയമനം. ഇതാദ്യമായാണ് വനിതാ ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ സേവനമനുഷ്ഠിക്കുന്നത്. നാവികസേനയില്‍ നിരവധി വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ അവരെയൊന്നും യുദ്ധക്കപ്പലുകളില്‍ നിയോഗിച്ചിരുന്നില്ല. 17 പേരടങ്ങുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് കുമുദിനിയും റിതിയും. നാവികസേനയുടെ എംഎച്ച് 60ആര് ഹെലികോപ്ടറുകളായിരിക്കും ഇവര്‍ പറത്തുക. രണ്ട് ഉദ്യോഗസ്ഥര്‍ ദീര്‍ഘദൂര വിമാനങ്ങള്‍ പറത്താനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളികളായ ക്രീഷ്മയും അഫ്നനുമാണ് ഈ ഉദ്യോഗസ്ഥര്‍.
ഐഎന്‍എസ് ഗരുഡയില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ബിരുദദാനം നടന്നു. വനിതകള്‍ യുദ്ധമുഖത്ത് മുന്‍നിരയില്‍ നിയോഗിക്കപ്പെടുന്നതിന് മുന്നോടിയാണ് ഈ തുടക്കമെന്ന് ആന്റണി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: