കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി ലഹരിഗുളികകള്‍ കടത്തിയ കേസിലെ രണ്ടും നാലും പ്രതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ ക്രയവിക്രയം മരവിപ്പിച്ചു.
ആഗസ്റ്റ് 13ന് വാഴക്കുലയുമായി വന്ന മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന 864 ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ തമിഴ്നാട് തിരുച്ചെന്തുര്‍ കുറിപ്പാന്കുളം സെന്തില്‍ മുരുകന്(25), അമ്പലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ വള്ളക്കടവ് വീട്ടില്‍ നഹാസ്(37), ആലപ്പുഴ ഒറ്റപ്പന തോട്ടപ്പള്ളി വടക്കന്‍പറമ്പില്‍ മഹേഷ്(35), തെങ്കാശി ചെങ്കോട്ട കെ.സി. ഗുരുസ്വാമി റോഡില്‍ കറുപ്പുസ്വാമി(40) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടും നാലും പ്രതികളായ നഹാസ്, കറുപ്പുസ്വാമി എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേന്ദ്രമയക്കുമരുന്ന് നിയമത്തിലെ 68എ(1) നല്കുന്ന പ്രത്യക അധികാരം ഉപയോഗിച്ച് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
മയക്കുമരുന്നിന്റെ വിലയായ തുക രണ്ടാം പ്രതി നാലാം പ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണ ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 13ന് ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ എക്സൈസ് സിഐ ബിനുവും സംഘവും നടത്തിയ പരിശോധനയിലാണ് 864 ട്രമഡോള്‍ ഗുളികകളുമായി ലോറിഡ്രൈവറായ സെന്തിലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാംപ്രതിയായ ആലപ്പുഴ വെള്ളക്കിണറില്‍ നിന്നുവന്ന് വള്ളക്കടവില്‍ താമസിക്കുന്ന നഹാസിനെ(35) അറസ്റ്റ് ചെയ്തത്. മഹേഷ് ആണ് പിന്നീട് പിടിയിലായത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് റാക്കറ്റിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. നഹാസുമായി ചേര്‍ന്ന് മഹേഷ് ഒരുവര്‍ഷമായി ലഹരിഗുളികകള്‍ കടത്തുകയായിരുന്നെന്നും എക്സൈസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: