ഇടുക്കി: 24 മണിക്കൂറിനിടെ ഉണ്ടായ രണ്ട് ദുരന്തങ്ങളോട് ഇരട്ടനീതി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. രണ്ട് അപകടങ്ങള്‍ക്കും ഒരുപോലെ ധനസഹായം അനുവദിക്കണമെന്ന ആവശ്യം നിലനില്‍ക്കെ നിഷേധാത്മക നിലപാടുമായി തുക അനുവദിച്ച് ഉത്തരവിറങ്ങി.
രാജമല പെട്ടിമുടി ദുരന്തവും കരിപ്പൂര്‍ വിമാന അപകടവുമാണ് ഒരു പകല്‍ വ്യത്യാസത്തില്‍ ഉണ്ടായത്. കരിപ്പൂര്‍ അപകടത്തില്‍ 18 പേരും പെട്ടിമുടി ദുരന്തത്തില്‍ 70 പേരും മരിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് ആറിനു രാത്രിയിലും ഏഴിനുമായിരുന്നു അപകടങ്ങള്‍. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ പാവപ്പെട്ടവരായ തോട്ടം തൊഴിലാളികളോട് കാട്ടിയ വേര്‍തിരിവ് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം അനുവദിച്ചപ്പോള്‍ കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെയാണ് പുതിയ ഉത്തരവ് ഇറക്കി ഇരട്ടനീതി കാട്ടിയത്.
ഇതു പ്രകാരം രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റ 7 പേരുടെ ചികിത്സാ ചിലവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കഴിഞ്ഞ ദിവസം അനുവദിച്ചത്. കോഴിക്കോട് കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും അനുവദിച്ചു. തുക അതാത് കളക്ടര്‍മാര്‍ക്ക് ഉടന്‍ കൈമാറും.
നേരത്തെ പെട്ടിമുടിയില്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും രണ്ടു ലക്ഷം വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണത്തിന്റെ വില നല്കുന്നതില്പോലുമുള്ള വേര്‍തിരിവ് സംസ്ഥാനത്ത് വരും ദിവസങ്ങളിലും വലിയ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: