കൊച്ചി: നയതന്ത്ര ബാഗേജിന്റെയും ഖുറാന്റെയും മറവില്‍ സ്വര്‍ണം കടത്തി, പച്ചയ്ക്ക് വര്‍ഗീയ കാര്‍ഡ് കളിക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ക്ക് പറയാന്‍ മറുപടിയില്ലാതായ മന്ത്രി കെ.ടി. ജലീല്‍ ജന്മഭൂമിക്ക് എതിരെ. ആരോപണങ്ങളും സമരങ്ങളും പരിവാര്‍ സംഘടനകളുടെ അജണ്ടയാണെന്ന് വരുത്തി ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് ജന്മഭൂമിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ജന്മഭൂമിയുടെ വിചാരം പേജില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘ജലീല്‍ ജയിലിനു പുറത്തെ മദനി‘ എന്ന ലേഖനം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുമുണ്ട്. മദനിക്ക് ലഭിച്ച ഇടതു സംരക്ഷണം തന്നെയാണ് ജലീലിനു ലഭിക്കുതെന്നും മദനി ചെയ്ത അതേ കാര്യങ്ങള്‍ തന്നെയാണ് ജലീല്‍ ഇപ്പോള്‍ ചെയ്തുവരുന്നവെന്നും ചൂണ്ടിക്കാട്ടുന്നതാണ് ലേഖനം.
തികച്ചും നിരപരാധിയായ തന്നെ വേട്ടയാടുകയാണെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പോസ്റ്റില്‍ ആവര്‍ത്തിക്കുന്നു. പക്ഷെ ലേഖനത്തില്‍ പറയുന്ന ഒരു കാര്യത്തിനു പോലും മറുപടിയോ വിശദീകരണമോ ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കുന്നുമില്ല.
സംഘ്പരിവാറിന്റെ മുഖപത്രമായ ‘ജന്മഭൂമി’യില്‍ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നതെന്നും കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് ഇതില്പരം തെളിവ് വേറെ വേണോയെന്നും ജലീല്‍ ചോദിക്കുന്നു.
പോസ്റ്റില്‍ നിന്ന്:
ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്‍ഐഎ ക്രിമിനല്‍ നിയമം 160 പ്രകാരം സാക്ഷിയായി വിസ്തരിക്കാന്‍ വിളിച്ചതാണ്. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും (അഞ്ചു ലക്ഷം ലോണെടുത്തതിന്റെ പേരില്‍ അതും ഇപ്പോള്‍ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍? ഒരു വാഹനമോ ഒരു പവന് സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: