ഇടുക്കി: വള്ളക്കടവില്‍ വനം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ വീണ്ടും ഒത്തുകളി ആക്ഷേപം. ഗുരുതര കുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിഞ്ഞ വനംവകുപ്പ് വാച്ചര്‍മാരായ പ്രതികള്‍ക്ക് 40 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചു. കേസിന് പിന്നിലെ ഗൂഡാലോചന അടക്കമുള്ളവ ഇനിയും വെളിയില്‍ വന്നിട്ടുമില്ല.
കഴിഞ്ഞ ജനുവരി 25ന് ആണ് വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാര്‍ക്കും മര്‍ദ്ദനമേറ്റത്. വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സംഭവം. സംഭവത്തില്‍ കേസന്വേഷണം വൈകുന്നതായി കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശികളെയാണ് ബുധനാഴ്ച കട്ടപ്പന ഡിവൈഎസ്പി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് പേര് താല്‍ക്കാലിക വാച്ചര്‍മാരും രണ്ട് പേര് സ്ഥിര ജീവനക്കാരുമാണ്.
24 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ സ്ഥിര ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ ചട്ടം. തെളിവായി മര്‍ദ്ദനത്തിന്റെ വീഡിയോയും ലഭ്യമാണെന്നിരിക്കെയാണ് നടപടി വൈകിപ്പിക്കുന്നത്.
അതേ സമയം മര്‍ദ്ദനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. വനംകൊള്ള കണ്ടെത്താനെത്തിയത് തടഞ്ഞതിന് പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപവും ആദ്യമുതല്‍ ശക്തമാണ്. അറസ്റ്റ് ചെയ്യാനുള്ള രണ്ട് വനിതകളെ കൂടി പിടികൂടി ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂ.
ഇന്നലെ ഉച്ചയോടെയാണ് പീരുമേട് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ആദ്യം മുതല്‍ കേസില്‍ തുടരുന്ന അസ്വാഭാവികത ഇവിടേയും വ്യക്തമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കെയാണ് ഉപാധികളോടെയുള്ള ജാമ്യം. ജാമ്യം നല്‍കുന്നതിനെ അസി. പബ്ലിക്ക് പ്രോസിക്കൂട്ടര്‍(എപിപി) എതിര്‍ത്തില്ലെന്നും വിവരമുണ്ട്. അതേ സമയം അന്വേഷണം നീണ്ട് പോയതും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതുമാണ് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് എപിപി അനീഷ് എം.ഡി. പറഞ്ഞു. സംഭവം നടന്ന് എട്ട് മാസത്തിന് അടുപ്പിച്ചാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്ഥരായതിനാല്‍ മറ്റ് പ്രശ്നങ്ങളില്ലെ കൊറോണയും മറ്റൊരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികള്‍ക്ക് ജാമ്യം നല്കുന്ന കാര്യത്തില്‍ കോടതി തന്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടില്ലെന്ന് കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ അറിയിച്ചു. സംഭവത്തില്‍ വകുപ്പുതല നടപടി ആവശ്യപ്പെട്ട് പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ജാമ്യം കിട്ടിയതിനാല്‍ വകുപ്പുതല നടപടി ഉണ്ടാകില്ലെന്ന് പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബു ജന്മഭൂമിയോട് പറഞ്ഞത്. സംഭവം അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സുരേന്ദ്രകുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: