അനിയന്ത്രിതവും സന്തോഷഭരിതവുമായ ജീവിതത്തിനിടക്ക്, ഒരാള്‍ക്ക് ഈശ്വരകൃപയുടെ ആവശ്യമില്ല. അതുകൊണ്ട് അയാള്‍ ഈശ്വരനെ മറക്കുന്നു. അത്തരം ഒരാള്‍ ആധ്യാത്മികതയില്നിന്നും ഏറെ അകലെയാണ്. പ്രതിസന്ധിയുടെ സമയത്ത്, ചുറ്റും ഇരുട്ടു വന്നു നിറയുമ്പോള്‍, തികഞ്ഞ ആവശ്യം തോന്നുകയാല്‍ ഈശ്വരനോടു പ്രാര്‍ഥിക്കുന്നു, സഹായത്തിനായി വിലപിക്കുന്നു. സന്തോഷവും സന്താപവും കുടുംബജീവിതത്തില്‍ (സ്വാഭാവികമായി) വന്നുചേരുന്നു. നിങ്ങളുടെ ഈശ്വരവിശ്വാസംപോലും പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭം വരും. സദാ ഈശ്വരനെ ആശ്രയിക്കുക. ഈശ്വരന്റെ സഹായമില്ലാതെ (പരമമായ) മനശ്ശാന്തി ആര്‍ക്കും നേടാനാവില്ല. സന്തോഷസമയത്ത് അതില്‍ മതിമറക്കുന്നതും, ദുഃഖസമയത്ത് വിഷാദമഗ്നനാകുന്നതും, കാറുംകോളും നിറഞ്ഞ കടലിലെ തിരകളില്‍പെട്ട ഒരു തോണി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതു പോലെയാണ്. നിങ്ങള്‍ക്കു സന്തോഷം വരുമ്പോള്‍ മനസ്സിനെ അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ പരിശീലിപ്പിക്കുകയാണെങ്കില്, ദുഃഖം വരുമ്പോഴും അത് വിട്ടുനിന്നുകൊള്ളും. മനസ്സിനു സമത്വവും, സ്ഥൈര്യവും,ധൈര്യവും, വികാരങ്ങള്‍ക്കതീതമായ നിലയും, അതിനെ ഈശ്വരനി ല്‍ ഉറപ്പിക്കുമ്പോള്‍ മാത്രമാണ് വന്നുചേരുന്നത്.
ഈശ്വരനിലുള്ള നിങ്ങളുടെ വിശ്വാസവും, ഭക്തിയും ഈശ്വരനിലുള്ള ആശ്രയത്വവും ദിനംപ്രതി വര്‍ധിക്കണം. ആത്മീയതയുടെ പുരോഗതിയുടെ പരീക്ഷയാണത്. ഈശ്വരനിലുള്ള വിശ്വാസം അചഞ്ചലമാകുമ്പോള്, ഏറ്റവും വലിയ വിപത്തുകള്‍ക്കുപോലും നിങ്ങളുടെ മനസ്സിന്റെ ഗതിയെ താറുമാറാക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ മനസ്സിന്റെ ഇരുണ്ടകോണില്‍ സംശയം കടന്നുകൂടിയിട്ടുണ്ടെന്നുള്ളതിന്റെ സൂചനയാണ,് മനസ്സിന്റെ സാമ്യാവസ്ഥ നഷ്ടപ്പെടുന്നത്. ഈശ്വരനില്‍ പരിപൂര്‍ണമായ ആശ്രയത്വമാണ് സ്വാതന്ത്ര്യം. അത് നമ്മുടെ അഹന്തയുടെ അഭാവത്തെ സൂചിപ്പിക്കുന്നു. അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിനു ഭയമോ ഉല്‍ക്കണ്ഠയോ ഇല്ല. അതേപോലെ, ഈശ്വരനു സമ്പൂര്‍ണം സമര്‍പ്പിക്കുന്ന ഒരുവന് ഈ സംസാരത്തിന്റെ അഥവാ ലൗകിക ജീവിതത്തിന്റെ ഭാരത്തില്‍നിന്നും മോചനം നേടുന്നു.
വിവ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: