വാഷിങ്ടന്‍: ഇസ്രയേല്‍ യുഎഇ, ബഹ്റൈന്‍ രാജ്യങ്ങളുമായി ഒപ്പിട്ട സമാധാന കരാറില്‍ പലസ്തീനെക്കുറിച്ച് പരാമര്‍ശമില്ല. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഉണ്ടാക്കിയിരുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറില്‍ ഇങ്ങനെ ഒരു നിബന്ധനയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ജറുസലേം പോസ്റ്റും കരാറില്‍ ഇങ്ങനെ ഒരു കാര്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. ‘അബ്രഹാം ഉടമ്പടി’ എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറിന്റെ ഒപ്പുവെക്കല്‍ ചടങ്ങിന് മുമ്പ് മൂന്ന് നേതാക്കളും ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. കഴിഞ്ഞ മാസം 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടര്‍ന്ന് ഈ മാസം 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു. മധ്യപൂര്‍വ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടന്‍ സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശമാറുന്നതാണ് ഒപ്പിട്ട കരാറുകള്‍. കരാര്‍ പിറന്നതോടെ പാലസ്തീന് കൂടുതല്‍ ഒറ്റപ്പെടുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: