തിരുവല്ല: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ രണ്ട് മാസം മാത്രമുള്ളപ്പോൾ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ച് ഉത്തരവായി.അറ്റക്കുറ്റപ്പണിക്കും പുനരുദ്ധാരണത്തിനുമായി 26 റോഡുകൾക്ക് 59 .29 കോടിയാണ് അനുവദിച്ചത്.റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാത്തത് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം റോഡിന് തുക അനുവദിച്ചെങ്കിലും പ്രവൃത്തി ടെണ്ടർ ചെയ്ത് മണ്ഡലക്കാലത്തിന് മുമ്പായി നിർമാണം പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ബില്ലുകൾ മാറാത്തതിനാൽ കരാറുകാർ ടെണ്ടറുകൾ എടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതും നിർമാണ സാമഗ്രികളുടെ ക്ഷാമവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചികരിക്കുന്നത്.
മുൻ വർഷങ്ങളിൽ ഓഗസ്റ്റിൽ ടെണ്ടർ ചെയ്യേണ്ട പ്രവൃത്തികളാണ് വളരെയധികം നീണ്ടുപോയത്. മഴ ശക്തമായി തുടരുന്നതിനാൽ പ്രവൃത്തികൾ ടെണ്ടർ ചെയ്താലും നിർമാണ വേലകളെ ബാധിക്കും. മഴയ്ക്ക് ശേഷമെ നിർമാണം ആരംഭിക്കാൻ കഴിയൂ. ഇക്കാരണത്താൽ മണ്ഡലക്കാലം തുടങ്ങിയാലും പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാതെ വരും.അതേ സമയം കോവിഡ് കാലത്ത് ഭക്തരെ പ്രവേശിപ്പിക്കാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവയായിരിക്കും.അതിനാൽ വലിയ ഗതാഗതക്കുരുക്കോ വാഹനപ്പെരുപ്പമോ ഉണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.
അപകടമുനയിൽ അട്ടത്തോട് -ചാലക്കയം റോഡ്
മലവെള്ളപ്പാച്ചിലിൽ തകർന്ന അട്ടത്തോട് -ചാലക്കയം റോഡിൽ ഇപ്പോഴും അപകടം പതിയിരിക്കുന്നു.ചാലക്കയത്തിന് സമീപം 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്. ബിഎംആൻഡ് ബിസി നിലവാരത്തിൽ പണിത റോഡാണ് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. റോഡിന്റെ മുക്കാൽ ഭാഗവും ഇടിഞ്ഞു.ഒന്നര മീറ്ററോളം താന്നു.താത്ക്കാലികമായി റോഡിന്റെ ഒരുവശത്ത് കൂടി ഗതാഗതത്തിന് സൗകര്യം ഏർപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്.
റോഡ് പുനർനിർമിക്കാൻ സെസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചതായി മരാമത്ത് അധികൃതർ പറഞ്ഞു.എന്നാൽ ഈ ഭാഗത്ത് പുതിയ ഡിസൈനിൽ റോഡ് നിർമിക്കാൻ കടമ്പകളേറൈയാണ്. ഇരുഭാഗത്തും വീതി കൂട്ടി നിർമിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: