കലാപത്തിലൂടെയല്ലാതെ കമ്യൂണിസം വരില്ല. ആദര്‍ശത്തിന്റെ ആവേശത്തില്‍ കലാപകാരികള്‍ ഒഴുകിയെത്തുന്ന കാലമാണെങ്കില്‍ കഴിയുകയും ചെയ്തു. ഇനിയുള്ള കാലം ആളെ കൂട്ടാനും ആയുധങ്ങളൊരുക്കുവാനും കാശ് വേണം. കാശില്ലാതെ കലാപം നടക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം കിട്ടാന്‍ കലാപം വേണം. കലാപം നടത്താന്‍ കാശുവേണം. കാശുവാരാന്‍ കള്ളക്കടത്താണ് എളുപ്പ മാര്‍ഗം. അങ്ങനെയൊരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കലാപം നടത്തുവാന്‍ പാര്‍ട്ടി സംവിധാനത്തിന്റെയും ദേശീയതലത്തിലുള്ള സോണിയാ കോണ്‍ഗ്രസ്സ്-ഇസ്ലാമിക തീവ്രവാദ-കമ്യൂണിസ്റ്റു കൂട്ടായ്മയുടെ അമരക്കാരനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും കള്ളക്കടത്തിന് ഭരണസ്വാധീനം ഉപയോഗിക്കുവാന്‍ ഒരേയൊരു സംസ്ഥാനത്തില്‍ ഭരണത്തിലുള്ള മുഖ്യമന്ത്രിയെയും കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാര്‍ട്ടി ഏല്പ്പിച്ചിട്ടുണ്ടാകാമെന്ന സൂചനകളിലേക്കാണ് ആനുകാലിക സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അങ്ങനെയാകാം ദില്ലിയില്‍ ഹിന്ദുസമൂഹത്തിനെതിരെ നടന്ന കലാപവുമായി ബന്ധപ്പെട്ട് സീതാറാം യച്ചൂരിയുടെയും കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും പേര് പൊതുചര്‍ച്ചയാകുന്നത്.
ചൈനയുടെയോ സോവിയറ്റു യൂണിയന്റെയോ സഹായത്തോടെ അട്ടിമറിയിലൂടെ ഭാരതഭരണമെന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ ലൈന്‍. അതുകൊണ്ടു തന്നെയാണ് ചൈനീസ് സാമ്രാജ്യത്വം ടിബറ്റിനെ കോളനിവത്കരിച്ചതോടെ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ചീനപ്പടയെത്തിക്കഴിഞ്ഞതിന്റെ ആവേശത്തില്‍ 1959ല്‍ പോളിറ്റ് ബ്യൂറോയെ പ്രതിനിധീകരിച്ച് ബി.ടി. രണദിവെ ചൈനീസ് അംബാസിഡറെ പോയിക്കണ്ടതും 1962ലെ ചൈനാ ആക്രമണത്തിന് വഴിയൊരുക്കിയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതും.
കൊറോണയെ കരുവാക്കി ആഗോള സാമ്രാജ്യത്വ മോഹവുമായി ഇറങ്ങിത്തിരിച്ച പുതിയകാല ചൈനയുടെ വിനാശകരമായ പ്രഹരശേഷിയിലുള്ള പ്രതീക്ഷയാണ് കമ്യൂണിസ്റ്റു പരിവാറിന് ആവേശം നല്‍കിയത്. ആയുധസമ്പത്തുകൊണ്ടും സാമ്പത്തിക ശേഷികൊണ്ടും ചൈന കണ്ടമാനമങ്ങ് പുഷ്ടിപ്പെട്ടൂയെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ ഒരു അട്ടിമറിക്ക് സമയമായിയെന്ന് കരുതിയിറങ്ങുവാന് കമ്യൂണിസ്റ്റുകള്‍ക്ക് മോഹം നല്‍കിയത്.
പാക്കിസ്ഥാനുവേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക തീവ്രവാദികളും ചൈനയുടെ പക്ഷത്ത് പണ്ടേ നിലയുറപ്പിച്ചിട്ടുള്ള കാടന്‍ നക്സലൈറ്റുകളും നാടന്‍ നക്സലൈറ്റുകളും മാവോവാദികളും എന്നും ഒപ്പമുണ്ട്. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ എന്തു തറവേലയും കാട്ടുവാന്‍ മടിയില്ലാത്ത സോണിയാ കുടുംബവും ചൈനീസ് ഭരണകൂടത്തോടും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും കൈ നീട്ടി പണം വാങ്ങുവാന്‍ തുടങ്ങിയതോടെ ദേശവിരുദ്ധ ശക്തികളുടെ കൂട്ടായ്മ വിപുലമായി. അങ്ങനെ ഭാരതത്തിനുള്ളില്നിന്ന് ചൈനാ-പാക്ക് ശത്രുനിരയെ സഹായിക്കുവാനുള്ള ഭൗതിക സാദ്ധ്യതകള്‍ ശക്തമായിക്കഴിഞ്ഞൂയെന്ന ധാരണയിലാകണം കമ്യൂണിസറ്റു പരിവാര്‍ തങ്ങളുടെ രണതന്ത്രത്തില്‍ മുഖ്യസ്ഥാനമുള്ള കലാപത്തിനു സമയമായെന്ന കണക്കു കൂട്ടലിലെത്തിയത്.
അതിനിടയിലാണ് കോവിഡ്19 എന്ന വൈറസ് ചൈനയില്‍ നിന്നു പുറത്തുവന്നത്. ആ വൈറസ് ആഗോള തലത്തില്‍ ജനങ്ങളുടെ ജീവനും സമ്പദ്വ്യവസ്ഥയ്ക്കും മുകളില്‍ നാശം വിതയ്ക്കുമെന്നും അതോടെ ചൈന മറ്റെല്ലാ രാജ്യങ്ങളെയും വരുതിയില്‍ നിര്‍ത്തി ലോക പോലീസായി മാറുമെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റു പരിവാറിനും കൂടെ നില്‍ക്കുന്നവര്‍ക്കും പ്രതീക്ഷയായി. കൊറോണയെ ജൈവായുധമാക്കി ലോകം പിടിക്കാനുള്ള ചൈനയുടെ രണതന്ത്രത്തില്‍ ഭാരതത്തെ ലക്ഷ്യമാക്കിയുള്ള ഉപതന്ത്രത്തില് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ്-ഇസ്ലാമിക കൂട്ടുകെട്ട് നിര്‍വഹിക്കേണ്ട പങ്ക് 2019 നവംബറിനു മുമ്പായിത്തന്നെ യച്ചൂരിയും രാഹുലും അടക്കമുള്ള നേതൃത്വത്തോട് ചൈന വ്യക്തമാക്കിയിട്ടുണ്ടാകണം. കൊറോണ ഭാരതത്തിലും വ്യാപകമാകുന്നതോടെ തകരുന്ന ആരോഗ്യ സാമ്പത്തിക മേഖലകള്‍ നരേന്ദ്രമോദി ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ തന്നെ സമാന്തരമായി സമരകലാപങ്ങളുടെ പരമ്പര നടത്തി ആന്തരിക രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടവരുത്തുക. അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന അനുകൂല സാഹചര്യത്തെ മുതലെടുത്തുകൊണ്ട് കമ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ സൈന്യം അതിര്‍ത്തി കടന്നെത്തി മോദിഭരണകൂടത്തെ അട്ടിമറിച്ച് തങ്ങള്‍ക്ക് കയറി ഭരിക്കാന്‍ വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് പിന്നീടവര്‍ നടത്തിയ ഓരോ ഇടപെടലുകളും.
ഭാരതത്തിലെ ഒരു പൗരനെയും ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്നതിനിടയില്ലാത്ത പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ കള്ളപ്രചരണം നടത്തി വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കി ഭാരതഭരണകൂടത്തെ അസ്ഥിരപ്പെടുത്തുവാനുള്ള കുത്സിതശ്രമങ്ങളായിരുന്നു ജെഎന്‍യുവിലും ഷാഹിന്‍ ബാഗിലും ഉള്‍പ്പടെ കണ്ട സമരാഭാസങ്ങള്‍. ഇസ്ലാമിക ഭീകരവാദത്തിന്റെയും കമ്യൂണിസ്റ്റ് തീവ്രവാദത്തിന്റെയും കോണ്‍ഗ്രസ്സ് അവസരവാദത്തിന്റെയും തെരുവു കൂട്ടായ്മകള്‍ ഭാരതീയ ജനാധിപത്യ വ്യവസ്ഥയെ കടന്നാക്രമിക്കുകയായിരുന്നു. തെരുവിലവരുടെ പോരാട്ടങ്ങളുടെ തീജ്വാല പടര്‍ത്തുവാന്‍ ഭാരതത്തെ കഷണം കഷണമാക്കുവാന് ജെഎന്‍യുവിലുള്‍പ്പടെ മുദ്രാവാക്യം മുഴക്കി കച്ചകെട്ടിയിറങ്ങിയ കനയ്യകുമാരന്മാരെയും ഉമര്‍ ഖാലിദുമാരെയും കെട്ടഴിച്ചുവിട്ടു. അവര്‍ക്ക് വീറും വീര്യവും കൂട്ടുവാന്‍ കലാ-സാഹിത്യ-മാധ്യമ മേഖലകളിലുള്ള സകല ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂലിപ്പടയാളികളെ കളത്തിലിറക്കി.
ദേശവ്യാപകമായി സമരകലാപങ്ങള് കാട്ടുതീ പോലെ പടരുമെന്ന രാഷ്ട്രവിരുദ്ധരുടെ അതിമോഹങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ വിടര്ന്നുയര്ന്നപ്പോളാണ് നരേന്ദ്രമോദിയെന്ന ഭരണാധികാരി സ്വന്തം ആവനാഴിയിലെ ചെറുതും ഫലപ്രദവുമായ ‘ലോക്ഡൗണ്‍’ എന്ന അസ്ത്രം പ്രയോഗിച്ചത്. ഒരു മുന്നറിയിപ്പും നല്‍കാതെ ഭാരതത്തിലെ മൊത്തം ജനതയും എവിടെ ഇരിക്കുന്നോ അവിടെയിരിക്കണം എന്ന നിഷ്കര്‍ഷയോടെ ലോക് ഡൗണ്‍ എന്ന ജനകീയ പ്രഖ്യാപനം നടത്തിയത് ഒരേ സമയം കൊറോണയ്ക്കെതിരെയുള്ള പ്രതിരോധവും വിഘടനവാദികളുടെ ചിറകൊടിക്കുന്ന പ്രത്യാക്രമണവുമായി മാറി. ഒരു മുന്നറിയിപ്പുമില്ലാതെ വന്ന ആ പ്രഖ്യാപനം തീവ്രവാദ വിഘടന വാദശക്തികളെ പുറത്തിറങ്ങാന്‍ വഴിയില്ലാത്ത അവസ്ഥയിലെത്തിക്കുകയും അവരുടെ കലാപ പദ്ധതികളുടെ മുനയൊടിയുകയും ചെയ്തു. ആ തിരിച്ചടിക്കെതിരെ വെപ്രാളപ്പെട്ടു നടത്തിയ പ്രതികരണങ്ങളായിരുന്നു രാഹുല്‍ ഗാന്ധിയും യച്ചൂരിയും കൂട്ടരും പിന്നീട് നടത്തിയതൊക്കെയും. ഭാരതത്തിനുള്ളിലുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പിടിച്ചു നില്ക്കുവാന് ഇനി പിടിവള്ളിയൊന്നുമില്ലായെന്ന് തിരിച്ചറിഞ്ഞ സാഹചര്യമാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നും വെല്ലുവിളി ഉയര്‍ത്തുവാന്‍ ചൈനയെ പ്രേരിപ്പിച്ചത്. പക്ഷേ ചൈന ഉയര്‍ത്തിയ ദേശസുരക്ഷാ വെല്ലുവിളികളെയും ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള ശേഷിയാണ് പ്രധാനമന്ത്രിയും ഭാരതവും പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്.
അങ്ങനെ കൊറോണാ മഹാമാരിയുടെ അന്തരീക്ഷത്തില്‍ ചൈനയും പാക്കിസ്ഥാനും അവരോടൊപ്പം നില്ക്കുന്ന ഭാരതത്തിനുള്ളിലെ കൂട്ടായ്മയും ചേര്‍ന്ന് തീ കൊളുത്തിയ കുത്സിത ശ്രമമായിരുന്നു 2020 ഫെബ്രുവരിയില്‍ വടക്കു കിഴക്ക് ദില്ലിയില്‍ തുടങ്ങിയ ഹിന്ദുവിരുദ്ധ വര്‍ഗീയ കലാപം. അമേരിക്കന്‍ പ്രസിഡന്റ് ഭാരതം സന്ദര്‍ശിച്ച ആ സന്ദര്‍ഭത്തില്‍ ഭാരതത്തിനെതിരെ ലോകാഭിപ്രായം സൃഷ്ടിച്ചെടുക്കുക്കുകയെന്നൊരു ലക്ഷ്യവും കലാപകാരികളുടെ പിന്നില്‍ നിന്നവര്ക്കുണ്ടായിരുന്നു. ആ കലാപത്തില്‍ പ്രതിചേര്ക്കപ്പെട്ടവര്ക്കെതിരെ കോടതി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന് അനൂബന്ധമായി കുറ്റാരോപിതരിലൊരാളായ ഗുല്‍ഫിഷാ ഖാത്തുന്‍ അന്വേഷണത്തിനിടെ നല്കിയ മൊഴിയും സ്വാഭാവികമായും ചേര്‍ത്തു. ആ മൊഴിയില്‍ സീതാറാം യച്ചൂരിയുടെ പേരു വന്നതാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അവരൂടെ മൊഴിയില്‍ പൗരത്വ (ഭേദഗതി) നിയമവും പൗരത്വ രജിസ്റ്ററുമൊക്കെ (സിഏഎയും എന്ആര്എയും) ന്യൂനപക്ഷവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് ആ വിഭാഗത്തില്‍ വിരോധത്തിന്റെ തീ പടര്‍ത്തിയ വ്യക്തികളായി സീതാറാം യച്ചൂരിയുടെയും യോഗേന്ദ്ര യാദവിന്റെയും മറ്റും പേരുകള്‍ പറഞ്ഞതോടെ അവരുടെ തനി നിറം കൂടുതല്‍ വ്യക്തമായിയെന്നേയുള്ളു. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന് അനുബന്ധമായി ചേര്‍ത്ത ഒരു കുറ്റാരോപിതയുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടതുകൊണ്ടുമാത്രം ആരെയെങ്കിലും പ്രതിയാക്കിമാറ്റുന്ന രീതി ഇപ്പോള്‍ ഭാരതം ഭരിക്കുകയും ദില്ലി പോലീസിനെ നിയന്ത്രിക്കയും ചെയ്യുന്ന ഭരണകൃടത്തിന്റെ രീതിയല്ലാത്തതുകൊണ്ട് ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല.
ഇതുവരെ യച്ചൂരിയെ കലാപക്കേസില്‍ പ്രതിയാക്കിയിട്ടില്ലെന്ന് തുടക്കത്തില്‍ തന്നെ (അവലംബം: ഹിന്ദുസ്ഥാന്‍ ടൈംസ് സെപ്തംബര്‍ 13) ദില്ലി പോലീസിന്റെ ഔദ്യോഗിക വക്താവ് അനില്‍ മിത്തല്‍ വ്യക്തമാക്കിയതുമാണ്. പക്ഷേ മാസ്ക് ധരിക്കുന്നത് ഉപദേശിക്കാന്‍ പോലീസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടിച്ച വാഹനവുമായി വഴിയിലിറങ്ങിയ വ്യക്തിക്കുണ്ടാകുന്ന വെപ്രാളമാണ് യച്ചൂരി പ്രകടിപ്പിക്കുന്നത്. ആ വിഷയം ലോകസഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നാണ് സഖാക്കള്‍ ബഹളം വെക്കുന്നത്. വിഷയം പാര്ലമെന്റിലുയര്ത്തിയാല് കുറ്റാരോപിതയോട് മൊഴി മാറ്റി പറയാന്‍ ഉത്തരവിറക്കാന്‍ കഴിയുമെന്നാണോ സഖാക്കളുടെ പ്രതീക്ഷ? അതെന്തായാലും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ വര്‍ഗീയ വികാരം കുത്തിയിളക്കി ന്യൂനപക്ഷത്തെ തെരുവിലിറക്കി ചൈനാ-പാക് താത്പര്യം നേടിയെടുക്കാന്‍ സീതാറാം യച്ചൂരി വഹിച്ച പങ്ക് പൊതുസമൂഹത്തിനു ബോദ്ധ്യമുണ്ട്.
ചൈനയുടെയും ഭാരതത്തിന്റെയും താത്പര്യങ്ങള്‍ സംഘര്‍ഷത്തിലായാല്‍ സീതാറാം യച്ചൂരി എവിടെ നില്‍ക്കുമെന്നതിന് കൃത്യമായ അനുഭവപാഠം പൊതുസമൂഹത്തിന് നേരത്തേ തന്നെയുണ്ട്. ഭാരതത്തില്‍ നിന്ന് നേപ്പാളിനെ അടര്‍ത്തിയെടുത്ത് ചൈനയുടെ പാളയത്തിലെത്തിക്കുവാന് യച്ചൂരി വഹിച്ച പങ്ക് അറിയാവുന്ന പൊതുസമൂഹത്തിന് അദ്ദേഹത്തിന്റെ പ്രതിബദ്ധത എങ്ങോട്ടാണെന്ന് നേരത്തെതന്നെ കൃത്യമായ ബോദ്ധ്യമുണ്ട്.
ചൈന തന്ത്രപ്രധാന മേഖലകളില്‍ വഴികളും പണിത് കാത്തിരിക്കുകയാണ്. 1904ല്‍ കേണല്‍ ഫ്രാന്‍സിസ് യംഗ്ഹസ്ബന്‍ഡിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കരസേന ഇന്ത്യയില്‍ നിന്ന് ടിബറ്റിലേക്ക് കടക്കാന്‍ ഉപയോഗിച്ച മലമ്പാത ഇന്ന് ചൈനയുടെ അധീനതയിലുമാണ്. കാത്തിരിക്കുന്ന കഴുകന്റെ കണ്ണുകള്‍ വിശ്രമിക്കുന്നില്ല. നേപ്പാളിലെ കമ്യൂണിസ്റ്റെന്നും മാവോയിസ്റ്റെന്നുമൊക്കെ ലേബലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലേക്കും നേതാക്കളിലേക്കും ചൈന പണമൊഴുക്കി.
അവിടെയാണ് ചൈനീസ് താത്പര്യങ്ങള്‍ നോക്കി നടത്തുന്ന പണിയേറ്റെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവ് സീതാറാം യച്ചൂരിയുടെ 1990കള്‍ മുതലുള്ള ഇടപെടലുകള്‍ പഠനവിഷയമാക്കേണ്ടിവരുന്നത്.
യച്ചൂരിയുടെ അജണ്ട കൃത്യമായിരുന്നു. ടിബറ്റിനു ശേഷം നേപ്പാളും ചൈനയുടെ കോളനിയായിക്കഴിഞ്ഞാല് കമ്യൂണിസ്റ്റ് പുതപ്പിട്ട് ഭാരതത്തെ മൂടുന്നതെളുപ്പമാകും. ആ ലക്ഷ്യത്തോടെയാണ് യച്ചൂരി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെയും മറ്റും അന്തരീക്ഷത്തില്‍ നിലനിന്നിരുന്ന ഭാരത-നേപ്പാള്‍ ബൗദ്ധിക ബന്ധങ്ങളെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലൂടെ ഉള്ളിലുള്ള രാഷ്ട്ര വിരുദ്ധ കൂട്ടായ്മയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടുവാനുള്ള കരുക്കള്‍ നീക്കിയത്. മൂന്ന് പതിറ്റാണ്ടുകളോളം യച്ചൂരി നേപ്പാളിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം കൂടി. അവിടെ മാവോയിസ്റ്റുകളോടുള്ള ചങ്ങാത്തം പ്രയോജനപ്പെടുത്തി അവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു പന്ത്രണ്ടിന പരിപാടികളുടെ അടിത്തറയിലുള്ള കൂട്ടായ്മ വളര്‍ത്തി ‘യച്ചൂരി ഫോര്‍മുല’ പ്രയോഗത്തിലാക്കി.
ഇന്ന് ചൈനയുടെ അംബാസിഡറാണ്, അന്ന് യച്ചൂരി നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നു പോരുന്നതെന്ന് കണക്കിലെടുക്കുമ്പോഴാണ് ‘യച്ചൂരി ഫോര്‍മുലയില്‍’ ഒളിച്ചു വച്ചിരുന്ന ചൈനാനുകൂല രാഷ്ട്രീയ രണതന്ത്രത്തിന്റെ രാസ പ്രഭാവം ബോദ്ധ്യമാകുന്നത്.
സീതാറാം യച്ചൂരി കലാപത്തിന് അരങ്ങൊരുക്കുന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ അക്കാര്യത്തിനുള്പ്പടെ പണമൊഴുക്കുന്നതിനുള്ള വഴിയായി സ്വര്‍ണ്ണ കള്ളക്കടത്തിനെ ഉപയോഗിക്കൂവാന് കേരളഭരണം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടമൊരുക്കുകയാണോ ചെയ്യുന്നതെന്ന സംശയമാണ് ശരാശരി ഭാരതീയന്റെ മനസ്സിലുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: