ഇരിട്ടി: ആശങ്കക്ക് അറുതിവരാതെ മലയോര മേഖലയിൽ ഉറവിടം അറിയാതെ കോവിഡ് രോഗികളുടേയും അടഞ്ഞു കിടക്കുന്ന വാർഡുകളുടെയും എണ്ണം നാൾക്കുന്നാൾ പെരുകുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇരിട്ടി ഉൾപെടെ മലയോരത്തെ പ്രധാന ടൗണുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലും ഉറവിടം അറിയാത രോഗബാധിതർ ഓരോ ദിവസവും കൂടി വരുന്നത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കുകയാണ്. ഇരിട്ടിക്ക് പുറമേ നഗരസഭയുടെ സമീപ പഞ്ചായത്തുകളിലെ ഒട്ടുമിക്ക ടൗണും വാർഡുകളും രോഗബാധിതർ കൂടിയതോടെ അടച്ചിട്ടിരിക്കുകയാണ്.
ഇരിട്ടി കെ എസ് എഫ് ഇ ഓഫീസ് പൂർണ്ണമായും അടച്ചിട്ടു. പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസ് പൂർണ്ണമായും അടച്ചിടേണ്ടി വന്നത്. ഇവർ ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസം മുഴുവൻ സമയവും ഓഫീസിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസമാണ് ഇവർ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി നേരിട്ട് സമ്പർക്കത്തിലായ പതിനഞ്ചോളം ജീവനക്കാർ നിരീക്ഷണത്തിൽ പോയി . അവശേഷിക്കുന്ന ജീവനക്കാരെ വെച്ച് അടുത്ത ആഴ്‌ച്ച തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .
ഇരിട്ടി നഗരസഭയിൽപെട്ട ഉളിയിൽ വെച്ച് നടത്തിയ ആൻ്റിജൻ പരിശോധനയിൽ പരിശോധനക്ക് വിധേയമായ 71 പേരിൽ ഒരാൾക്കൊഴികെ മറ്റ് ഫലങ്ങൾ നെഗറ്റീവായി. ഉളിയിൽ കാരക്കുന്നിലെ യുവാവിനാണ് പോസിറ്റീവായത്, ഇദ്ദേഹത്തോട് നി രീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സമ്പർത്തിലൂടെ ഉളിയിൽ മേഖലയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആൻ്റിജൻ പരിശോധന നടത്തിയത്. വ്യാപാരികൾ പ്രദേശവാസികൾ എന്നിവരാണ് പരിശോധനയ്‌ക്ക് വിധേയനായത് , ഉളിയിൽ ഗവ: യു.പി. സ്കൂളിൽ വെച്ചായിരുന്നു പരിശോധന .
അയ്യൻകുന്ന് വില്ലേജിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനവും അവതാളത്തിലായി. ഇയാൾക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. വില്ലേജിലെ ജീവനക്കാരനുമായി സമ്പർക്കത്തിലായ ഇരിട്ടി താലൂക്ക് ഓഫീസിലെ എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ആറളം വിയറ്റ്‌നാമിൽ വനം വകുപ്പ് ജീവനക്കാരനും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല .
ആറളം പഞ്ചായത്തിൽ വ്യാഴാഴ്‌ച്ച ഒൻമ്പത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പഴശ്ശിയിൽ ഒരു കുടുംബത്തിലെ നാലുപേർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് പോസിറ്റീവായത്. ഇവരുടേയും ഉറവിടം വ്യക്തമല്ല. പഞ്ചായത്തിലെ 16-ാം വാർഡിൽ രണ്ടാൾക്കും 5,13 വാർഡുകളിൽ ഓരോരാൾക്കും വിതമാണ് രോഗം ബാധിച്ചത്. ഇവരുടെയൊക്കെ ഉറവിടം വ്യക്തമല്ല.ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാൾക്കും രോഗബാധയുണ്ടായിട്ടുണ്ട്. നേരത്തെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്കും മാതാവിനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുറമേ നിന്ന് ഒരാളെ പോലും ഫാമിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഫാമിനുള്ളിലുള്ളവർ പുറമെ മറ്റ് കോളനികളിലേക്ക് പോകുന്നതും വിലക്കിയിരുന്നു.
പായം പഞ്ചായത്തിലെ കല്ലു മുട്ടിയിൽ വർക്ക് ഷോപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇയാളുടേയും ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തിലെ കക്കായങ്ങാട് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാലുപേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ടൗൺ അടച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാസങ്ങളായി അടഞ്ഞു കിടന്ന ഉളിയിൽ ടൗണിൽ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒരാൾക്കും പോസറ്റീവായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിലും രോഗ ബാധിതരുടെ എണ്ണം നാൾക്കുന്നാൾ കൂടി വരികയാണ്.
ഇരിട്ടി നഗരം ഉൾപ്പെടുന്ന ഒൻപതാം വാർഡ് നാലാമത് തവണയും അടച്ചിട്ട് ഒരാഴ്ച തികയുകയാണ്. പട്ടണത്തോട് ചേർന്ന നേരംപോക്ക് ഉൾപ്പെടുന്ന നരിക്കുണ്ടം, പയഞ്ചേരി, കീഴൂർ, വികാസ് നഗർ, അത്തിത്തട്ട് , കൂളിച്ചെമ്പ്ര , വള്ള്യാട് , എടക്കാനം തുടങ്ങിയ വാർഡുകളെല്ലാം സമ്പർക്ക രോഗികളുടെ ആധിക്യം മൂലം അടഞ്ഞു കിടക്കുകയാണ്.
മേഖലയിൽ രോഗികൾ വർദ്ധിക്കുമ്പോഴും പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒന്നും തന്നെ പ്രവർത്തനം തുടങ്ങിയിട്ടില്ല. എന്നാൽ രോഗം സ്ഥിരീകരിക്കുകയും കാര്യമായ ലക്ഷണങ്ങൾ പ്രകടമാവാത്തവരെയും ചികിത്സിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ തന്നെ ഒന്ന് , രണ്ട് സെന്ററുകൾ തുറക്കുന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: