പെരിയ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യ കണ്ട ഏറ്റവും മികച്ച അക്കാദമീഷ്യനും വിദ്യാഭ്യാസ വിചക്ഷണനും മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് സമ്മാനിച്ച ഉപഹാരമാണെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍, വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ വെബിനാര്‍ അഭിപ്രായപ്പെട്ടു. ‘ഡോ. എസ്.രാധാകൃഷ്ണന് ആന്‍ഡ് എന്‍.ഇ.പി.2020’ എന്ന വിഷയത്തെ അധികരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പ്രസ്തുത വെബിനാര്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച്.വെങ്കിടേശ്വരലു ഉദ്ഘാടനം നിര്‍വഹിച്ചു. ഈ പുതിയ നയം സര്‍ക്കാര്‍ ഏജന്സികളുടെതല്ല, മറിച്ച് ജനങ്ങളുടേതാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു.
നവീകരണം, അതുണ്ടാക്കുന്ന മാറ്റം, അതിനായി ആവശ്യമുള്ള പ്രകടനം എന്നിവയാണ് ഇതിന്റെ ആക്ഷന്‍ പ്ലാന്‍. ബൗദ്ധികമായും ആത്മീയമായും നൈപുണ്യം ഉറപ്പിക്കുന്നതുമായ അറിവിനെയാണ് അത് മുന്നോട്ട് വെക്കുന്നത്. ചിന്തിക്കാനും അനുഭവസ്തരാകാനുമായിത്തീരാനും അനിവാര്യമായ അക്കാദമിക് സ്വയംഭരണം ഈ നയം ആവശ്യപ്പെടുന്നു. ഗുണപരതയാണ് ഇതിന്റെ അന്തസ്സത്ത. ഭൂഗോളമാകെ ആവശ്യപ്പെടുന്ന അറിവ് നിര്‍മാണത്തിലൂടെയും പ്രസരണത്തിലൂടെയും മാത്രമേ ഭാരതത്തിന് ഒരു ആഗോള ശക്തിയായി മാറാന്‍ സാധിക്കുകയുള്ളൂ. ഡോ. രാധാകൃഷ്ണന് നിര്‍വചിച്ച വിദ്യാഭ്യാസ ദര്‍ശനം അതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തിന്റെ പൂര്‍ത്തീകരണമാണ് പുതിയ വിദ്യാഭ്യാസത്തിന്റെ നയമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ത്രിപുര കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗംഗാ പ്രസാദ് പ്രസിന് അഭിപ്രായപ്പെട്ടു. നൈപുണ്യം, മാതൃഭാഷാ മുന്‍ഗണന, ഇന്ത്യന്‍ സാംസ്കാരികതയും ചരിത്രവും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നിവ വിഭാവനം ചെയ്യുന്ന പോളിസി രാജ്യത്തിന്റെ വികസനത്തിന് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രൈമറി തലം മുതല്‍ക്ക് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരിഷ്ടപ്പെടുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും, പ്രാദേശിക നിലവാരത്തിലുള്ള പഠിതാക്കള്‍ക്ക് ആഗോള തലത്തിലേക്ക് ഉയരാനും ഈ നയം സഹായകമാവും എന്ന് ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി പ്രൊ.വൈസ് ചാന്‍സിലര്‍ പ്രൊഫ. സസ്മിത സാമന്ത അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശ് കേന്ദ്ര ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ ടി.വി കട്ടിമണി മനസ്സും ജോലിയും ഒന്നിച്ച് പോകുന്നു എന്നതായിരിക്കും ഭാവിയുടെ സുവിശേഷമെന്നും അതിനുതകുന്ന മട്ടിലാണ് പോളിസി തയ്യാറാക്കപ്പെട്ടത് എന്നും വിലയിരുത്തി.
ഭാരത കേന്ദ്രീകൃതം എന്ന, ഡോ. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകളെ പുതിയ പോളിസി എങ്ങിനെയൊക്കെ ശാക്തീകരിക്കുന്നു എന്നത് ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല മുന്‍ കൊമേഴ്സ് വിഭാഗം അധ്യാപകനായ പ്രൊഫ. വി. വിശ്വനാഥം വിശദീകരിച്ചു. വിദ്യാഭ്യാസ വിഭാഗം ഡീന്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സ്വാഗതവും വകുപ്പ് തലവനും കണ്‍വീനറുമായ പ്രൊഫ. അമൃത് ജി. കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: