ആറന്മുള: ഭഗവാന്റെ ഒരു പിടിച്ചോറുണ്ണാന്‍ വര്‍ഷംതോറും അഷ്ടമിരോഹിണി നാളില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തരുടെ ആഗ്രഹങ്ങള്‍ക്ക് ഇക്കുറി സാഫല്യമുണ്ടായില്ല. എന്നാല്‍ ചടങ്ങ് മാത്രമായെങ്കിലും നടത്താനായതിന്റെ ആശ്വാസത്തിലാണ് കരക്കാര്. 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ഇത്തവണ കൊവിഡ് പ്രോട്ടോക്കോളില്‍ കുടുങ്ങി ഒരു പള്ളിയോടത്തിന് മാത്രമാണ് പങ്കെടുക്കനായത്.
ക്ഷേത്ര സന്നിധിയിലോ ഊട്ടുപുരയിലോ വള്ളസദ്യ നടത്തുന്നതിന് സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയാണ് വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് പള്ളിയോടത്തില്‍ എത്തിയ കരക്കാര്‍ക്ക് സദ്യ നല്‍കിയത്. രാവിലെ കോഴിപ്പാലത്തിന് സമീപമുള്ള പള്ളിയോടക്കടവില്‍ നിന്ന് ളാക-ഇടയാറന്മുള പള്ളിയോടം വിളക്ക്മാടം കൊട്ടാരത്തില്‍ ദര്‍ശനത്തിനായി പമ്പാനദിയിലൂടെയെത്തി. ദര്‍ശനത്തിന് ശേഷം 11 മണിയോടെ പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തെ വെറ്റില മുറുക്കി സ്വീകരിച്ചു. മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പള്ളിയോടത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യക്കായി എത്തിയത്.
പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്. രാധാകൃഷ്ണന്, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്. ജി വെണ്‍പാല, ദേവസ്വം അസി കമ്മീഷണര്‍ എസ്. അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ബി. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഗജമണ്ഡപത്തില്‍ നാക്കിലയിട്ട് വിളക്കത്ത് ഭഗവാനായ് വിളമ്പി. കിഴക്കേ ഗോപുരവാതില്ക്കടന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകളുമായി പള്ളിയോടത്തിലെത്തിയ കരക്കാര് പാഞ്ചജന്യം ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. സദ്യയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ പറ തളിക്കുന്ന ചടങ്ങും പൂര്‍ത്തിയാക്കി മൂന്നരയോടെയാണ് കരക്കാര് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: