ആലപ്പുഴ: കൊറോണ രോഗികളെ ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റാനിടയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ ബുദ്ധി കാരണമെന്ന് ആക്ഷേപം. രോഗ സ്ഥിരീകരണം രാവിലെ നടന്നാലും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടേ വാര്‍ത്താസമ്മേളനത്തിലോ, അല്ലാത്തപക്ഷം ആരോഗ്യ മന്ത്രിയുടേ പത്രക്കുറിപ്പിലോ കൊവിഡ് കണക്ക് സ്ഥിരീകരിച്ചതിന് ശേഷം മാത്രമെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാവൂയെന്ന നേരത്തെ നല്കിയ നിര്‍ദേശമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പലപ്പോഴും രാത്രി വളരെ വൈകിയും പുലര്‍ച്ചെ വരെയും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ തുടരുന്നു. ഇതില്‍ ഫീല്‍ഡിലുള്ള ആരോഗ്യ പ്രവര്‍ത്തകരടക്കം എതിര്‍പ്പ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആറന്മുളയില് കൊവിഡ് രോഗിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടാകാനിടയാക്കിയത് ഇത്തരത്തില്‍ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ്.
ഒരു ജില്ലയില്‍ ഇരുപതും ഇരുപത്തിയഞ്ചും ആംബുലന്‍സുകളാകും ലഭ്യമായിട്ടുള്ളത്. ഒരു ആംബുലന്‍സിന് തന്നെ മൂന്നും നാലും ഓട്ടമുണ്ടാവും. പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ ഫോണ്‍ നമ്പറും രോഗം സ്ഥിരീകരിച്ചയാള്‍ക്ക് ഡ്രൈവറുടെ നമ്പറും കൈമാറി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളേതെല്ലാമെന്ന നിര്‍ദേശവും നല്‍കുക എന്നതിനപ്പുറം ഓരോ രോഗികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ സാധിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഒരാള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വരാന്‍ കാത്തുനില്‍ക്കാതെ ആശുപത്രികളിലേക്ക് മാറ്റിയാല്‍ രാത്രിയിലെ ഓട്ടം കുറയും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകട്ടെ വിശ്രമമില്ലാത്ത ജോലിയാണുള്ളത്. രാവിലെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, നിരവധി റിപ്പോര്‍ട്ടുകള്‍ അയയ്ക്കല്‍ തുടങ്ങി വിവിധ ജോലികളില്‍ രാത്രി വരെ തുടരുന്ന ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും ആംബുലന്‍സിലും സേവനം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും അഭിപ്രായമുണ്ട്. ഇതിനെല്ലാം പരിഹാരം രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: