മാനന്തവാടി: മാനന്തവാടിയില്‍ തെരുവോരകച്ചവടത്തിന് മുനിസിപ്പാലിറ്റി അനുമതി നല്‍കിയിട്ടും പോലീസ് അനുമതി നല്‍കുന്നില്ലെന്ന് പരാതി. കച്ചവടക്കാര്‍ ദുരിതത്തില്‍. മുനിസിപ്പാലിറ്റിയും, ജില്ലാ ഭരണകൂടവുമാണ് വഴിയോര കച്ചവടത്തിന് അനുമതി നല്‍കേണ്ടതെന്നും ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പോലീസ്. കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്ന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാനന്തവാടി മുനിസിപ്പാലിറ്റി നിബന്ധനകളോടെ വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പോലീസ് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
തെരുവോര കച്ചവടക്കാര്‍ ജൂണ്‍ മാസം അവസാനത്തിലാണ് കച്ചവടം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഉചിതമായ തീരുമാനമെടുക്കണമെന്ന് കാണിച്ച് കളക്ടര്‍ വഴിയോര കച്ചവടക്കാരുടെ പരാതി മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് കൈമാറി. ഓഗസ്റ്റ് 21 ന് നിബന്ധനകളോട് കൂടിയും എട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയും കൂടി മാനന്തവാടി മുനിസിപ്പാലിറ്റി തെരുവോര കച്ചവടം ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്തു.
മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ എന്‍യുഎല്‍എം ടൗണ്‍ വെന്റിംങ്ങ് കമ്മറ്റി അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. നേരത്തേ കച്ചവടം ചെയ്തിരുന്ന സ്ഥലത്ത് നിന്നും യാതൊരു കാരണവശാലം സ്ഥലം മാറി കച്ചവടം ചെയ്യാന്‍ പാടില്ലെന്നും, ഗുഡ്സ് ഓട്ടോയില്‍ കച്ചവടം ചെയ്യുവാന്‍ പാടില്ലെന്നും, മുനിസിപ്പാലിറ്റിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ മാത്രമേ വഴിയോര കച്ചവടം ചെയ്യാന്‍ പാടുള്ളൂവെന്നും പകരക്കാര്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്നും, കൊറോണ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കണമെന്നത് അടക്കമുള്ള ഉത്തരവോടെയാണ് മുനിസിപ്പാലിറ്റി വഴിയോര കച്ചവടത്തിന് അനുമതി നല്‍കിയത്.
മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഉത്തരവിറങ്ങി പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും വഴിയോര കച്ചവടം നടത്തുവാന്‍ പോലീസ് അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ 200 ലേറെ വഴിയോര കച്ചവടക്കാരാണുള്ളത്. അനുമതി നല്‍കാത്തതോടെ കച്ചവടക്കാരുടെ കുടുംബം ഏറെ ദുരിതത്തിലാണ് കഴിയുന്നത്. വഴിയോര കച്ചവടത്തിന് ആരാണ് അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ കാലതാമസമെടുക്കുമ്പോള്‍ വഴിയോര കച്ചവടക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: