കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 20 ലധികം കേസുകളാണ് മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന് ചെയര്‍മാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച ആളുകളാണ് പരാതിയുമായെത്തുന്നത്.
എം.സി ഖമറുദ്ദീന് ചെയര്‍മാനായി 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, നുജൂം ഗോള്‍ഡ് എന്നീ കമ്ബനികളായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) മുമ്ബാകെ രജിസ്റ്റര്‍ ചെയ്തതായും, ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണമെന്ന നിബന്ധന നിലനില്‍ക്കെ 2017 മുതല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിക്ഷേപം സ്വീകരിക്കുമ്പോള്‍ ആര്‍ഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.
മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുള്‍ റഹിമാന്‍ (15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ.എം മഹമൂദ്, കദീജ (10 ലക്ഷം), കെ.സി അബ്ദുള്‍ റസാഖ് (10 ലക്ഷം) എന്നിവരുടെ പരാതിയിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കാടങ്കോട്ടെ അബ്ദുള്‍ ഷുക്കൂര്‍, എം.ടി.പി സുഹറ, വലിയപറമ്പിലെ ഇ.കെ ആരിഫ എന്നിവര്‍ പരാതി നല്‍കിയിരുന്നു. കമ്പനിയുടെ മറവില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്, മാനേജിങ് ഡയറക്ടറായ ചന്തേര സ്വദേശി ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ കേസടുത്തത്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ 800 ഓളം പേര് നിക്ഷേപകരുണ്ടായിരുന്നു. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ എംഎല്‍എയും സംഘവും ഉണ്ടാക്കിയെടുത്തതെന്നാണ് ആരോപണം. രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെ നിക്ഷേപിച്ചവരും അന്വേഷണ പരിധിയില്‍പ്പെടും. കൂടാതെ 12 ഓളം മാനേജിംഗ് ഡയറക്ടര്‍മാരും പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതെ സമയം കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയില്‍ വണ്ടിചെക്ക് കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറിയില്‍ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേര്‍ക്ക് വണ്ടിചെക്ക് നല്‍കിയെന്നാണ് കേസ്. കമ്പനി പൂട്ടിയതോടെ പണം തിരിച്ചുകിട്ടില്ല എന്നറിഞ്ഞാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: