മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌ക(2) യുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ മലയാളികളുടെ എല്ലാം കണ്ണീരായി മാറിയിരുന്നു. ഒരു വയസുകാരിയായ കുവിയെന്ന് പെണ്‍നായ ഇന്ന് ഇടുക്കി പോലീസ് ഡോദ് സ്‌ക്വാഡിന്റെ കെട്ടിടത്തിലാണ് കഴിയുന്നത്. കുവിയുടെ ഒറ്റപ്പെടല്‍ കണ്ട മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ നായയെ ദത്തെടുക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
എന്നാല്‍ കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി(26), പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുത്തശ്ശി കറുപ്പായി മാത്രമാണ് ഈ കുടുംബത്തില്‍ ജീവനോടെയുള്ളത്.
ഭക്ഷണം നന്നായി കഴിക്കുന്നതായും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മരുന്നുകളും വാക്സിനേഷനും നല്‍കിയതായും ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ സിപിഒ അജിത് മാധവന്‍ ജന്മഭൂമിയോട് പറഞ്ഞു.
പുറത്ത് പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് കഴിയുന്നത്. രണ്ട് ദിവസം മുമ്പ് നായക്ക് പരിശീലനം നല്‍കുന്നത് ആരംഭിച്ചു. ഹീല്‍ വോക്ക്(ട്രയിനര്‍മാര്‍ക്കൊപ്പം നടക്കുക) കുവി നന്നായി ചെയ്യുന്നതായും ബോളൊക്കെ എറിഞ്ഞ് കൊടുത്താന്‍ പിന്നാലെ ഓടുമെന്നും നല്ല ആക്ടീവാണ് നായയെന്നും അജിത്ത് പറയുന്നു.
എന്നാല്‍ ഔദ്യോഗികമായി ട്രയിനിങ്ങ് നല്‍കുന്നതിനും ഡോഗ് സ്‌ക്വാഡിലേക്ക് എടുക്കുന്ന കാര്യത്തിലും നിലവില്‍ തീരുമാനമില്ല. നല്ല ആഹാരവും സംരക്ഷണവും നല്‍കി വളര്‍ത്തുന്നതിന് മാത്രമാണ് നിലവിലെ നിര്‍ദേശം. സാധാരയായി ഇത്തരത്തില്‍ നാടന്‍ നായകളെ ഡോഗ് സ്‌ക്വാഡിലേക്ക് എടുത്ത ചരിത്രവുമില്ല. ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ് എസ്ഐ റോയി തോമസ്, ഉദ്യോഗസ്ഥരായ അജിത്ത്, സാബു പി.സി. തുടങ്ങിയവരാണ് നായയുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിക്കുന്നത്. മാറിയ സാഹചര്യത്തില്‍ സന്തുഷ്ടവതിയായി തുടരുകയാണ് കുവി…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: