ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6ന് രാത്രി 11 മണിയോടെ ഉണ്ടായത്. അപകടം നടന്ന് ഒരുമാസം തികയുമ്പോള്‍ ഈ മേഖല ഇന്ന് ആളൊഴിഞ്ഞ് ശോകഭൂമിയായി മാറി കഴിഞ്ഞു.
കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.
66 പേരുടെ മൃതദേഹം കണ്ടെത്തി. ദിനേഷ് കുമാര്‍(20), റാണി(44), പ്രീയദര്‍ശനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നീണ്ട 18 ദിവസത്തെ തെരച്ചിലിന് ശേഷം കഴിഞ്ഞ 25ന് ആണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ തിരുവോണ നാളില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 ല്‍ അധികം കുട്ടികളും ഉള്‍പ്പെടും.
ഒന്നര കീലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ) ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്. സ്ഥലത്ത് വലിയ തോതില്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.
ലയങ്ങളിലെ സൗകര്യകുറവ് മൂലം ഒരു മുറിയില്‍ തന്നെയാണ് ആറും ഏഴും പേര്‍ വരെ അടങ്ങുന്ന കുടുംബങ്ങള്‍ കിടന്നുറങ്ങിയിരുന്നത്.
തെരച്ചിലിനിടെ ഇത്തരത്തില്‍ കൂട്ടത്തോടെ മൃതദേഹം കിട്ടിയ സംഭവങ്ങളുണ്ട്. പരിശോധിച്ചെത്തിയപ്പോള്‍ കമ്പിളിപുതപ്പിനുള്ളില്‍ ഒരു തുള്ളി ചെളിപോലും പറ്റാതെ തണുപ്പകറ്റായി ചേര്‍ത്ത് പിടിച്ച് കിടക്കുന്ന മൃതദേഹങ്ങളും കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് കുട്ടികളുടെ അടക്കം നിരവധി ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ചിത്രമെടുത്ത് സൂക്ഷിക്കുകയെന്നത് ഇവരുടെ പതിവ് ശീലമായിരുന്നു. ഒരമ്മയുടേയും പിഞ്ചു കുഞ്ഞിന്റേയും ഗാഡമായി ആശ്ലേഷിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ദുരന്തത്തിന്റെ ആഴം അറിയാന്‍ പോലുമാകാതെ മരണത്തിന്റെ കരാളഹസ്തത്തില്‍ ഞെരിഞ്ഞമരാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായിരുന്നു അവരെല്ലാം. പിന്‍മുറക്കാരെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മരണം തട്ടിയെടുത്ത കുടുബങ്ങളും ഇവിടെയുണ്ട്.അപകട വിവരം പുറത്തറിയുന്നത് പിറ്റേദിവസം രാവിലെ ഏഴ് മണിയോടെയാണ്. ഇവിടെ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. രാജമലയിലെത്തി അപകട വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.
പെരിയവാര താല്‍ക്കാലിക പാലം തകര്‍ന്നതും പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതതുമാണ് പ്രധാന പ്രശ്നമായത്. ഇത് പെട്ടിമുടിയിലേക്ക് പുറത്ത് നിന്ന് സഹായവുമായി എത്തുവാന്‍ തടസമായി. കാലാവസ്ഥയും റോഡും വില്ലനായതോടെ കിലോ മീറ്ററുകള്‍ തേയില തോട്ടത്തിലൂടെ ചുറ്റി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആദ്യ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ ജെസിബി അടക്കമുള്ളവ എത്തിക്കാനാകാത്തതും തിരിച്ചടിയായി. പിന്നീട് പാലം താല്‍ക്കാലികമായി ശരിയാക്കിയാണ് വാഹനങ്ങള്‍ മറുകരയെത്തിച്ചത്. വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരും എത്തുന്നതു വരെ കണ്‍മുന്നില്‍ കണ്ട ദുരന്തത്തിനു മുന്നില്‍ പകച്ച് നില്‍കുകയായിരുന്നു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: