മൂന്നാര്‍: അതിരാവിലെ തന്നെ ജോലിക്ക് പോയ ശേഷം സന്ധ്യമയങ്ങുമ്പോള്‍ തിരികെ എത്തുന്നതാണ് തോട്ടം തൊഴിലാളികളുടെ പതിവ് രീതി. പ്രായമായവരും കൊച്ചുകുട്ടികളുമാണ് ചെറിയ വീടുകളില്‍ മുഴുവന്‍ സമയവും കഴിയുന്നത്.
സ്വന്തമായി സ്ഥലമില്ലാത്തതും കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതുമാണ് തൊഴിലാളികളുടെ പ്രധാന പ്രശ്നം. ഇതിനൊപ്പം ചെറിയ ശബളത്തിനുള്ള ജോലിയും. ഇതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിക്കാനുമാകില്ല.
പതിനായിരക്കണക്കിന് തൊഴിലാളികളാണ് കണ്ണന് ദേവന് കമ്പനിയുടെ തോട്ടങ്ങളില്‍ മാത്രമുള്ളത്. ഇത്തരത്തില്‍ നിരവധി തോട്ടങ്ങള്‍ വേറേയും ജില്ലയിലുണ്ട്. ഇവര്‍ക്ക് താമസിക്കാന്‍ നല്ല ലയങ്ങളോ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നിലവില്‍ ഇല്ല. ഈ ആവശ്യമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും സമരങ്ങള്‍ വരെ നടക്കുകയും ചെയ്തെങ്കിലും ഇവരുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല. ഒരു നൂറ്റാണ്ട് മുമ്പ് വരെ പണിത ലയങ്ങളാണ് പലതും. വൈദ്യുതിയും മറ്റ് സൗകര്യങ്ങളും പോലും മിക്കപ്പോഴും അന്യമാണിവര്ക്ക്.
പെമ്പിളൈ ഒരുമൈ സമരത്തിന് ശേഷമാണ് തൊഴിലാളികളുടെ കൂലി കൂട്ടി 382 രൂപയാക്കിയത്. അതും കുറഞ്ഞത് 35 കിലോ തേയില നുള്ളണം. ഇത്തരത്തില്‍ പണിയെടുക്കുമ്പോഴും തൊഴിലാളികള്‍ക്ക് നല്ല ചികിത്സാ സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ നല്കാന് കമ്പനി തയ്യാറല്ല. അപകടത്തിന് പിന്നാലെ ഇടപെടലുകള്‍ ഉണ്ടായെങ്കിലും കമ്പനിയാണ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ട് നിലവില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രത്യേക ദൗത്യസംഘം സ്ഥലത്ത് പരിശോധന പൂര്‍ത്തിയാക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തിയും കണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനുമാണ് പരിശോധന നടത്തിയത്. ഇവരുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ട്. സ്ഥലത്ത് വാഹനങ്ങള്‍ നശിച്ചതടക്കം ഏതാണ്ട് 88 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിന് കൈമാറുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം വാങ്ങി നല്കാന് നടപടി എടുക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. കുറച്ച് കുടുംബങ്ങളും ബന്ധുക്കളുമാണ് നിലവില്‍ സഹായത്തിന് അര്ഹരായുള്ളിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷവും കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും രണ്ട് ലക്ഷവും വീതം സഹായം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: