മക്കളേ,
ഈശ്വരതത്വം വാക്കിനും മനസ്സിനും അപ്പുറമാണ്. തേനിന്റെ മാധുര്യം വര്‍ണ്ണിച്ചു കേള്‍പ്പിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എന്നാല്‍ ഒരു തുള്ളി തേന്‍ നാവിലിറ്റിച്ചാല്‍ ആ മാധുര്യം അനുഭവിച്ചറിയാം. അതുപോലെ, ഈശ്വരന് മനുഷ്യരൂപം ധരിച്ച് മനുഷ്യന്റെ പരിമിതികള്‍ സ്വയം സ്വീകരിച്ച് നമ്മുടെ ഇടയില്‍ വരുമ്പോള്‍ നമുക്ക് അവിടുത്തെ തൊട്ടറിയാന്‍ കഴിയുന്നു. അതിനെയാണ് ഈശ്വരാവതാരമെന്നു പറയുന്നത്.
ധര്‍മ്മത്തെ പരിപാലിക്കുക, കാലോചിതമായ ധര്‍മ്മത്തെ വ്യക്തമാക്കുക, സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടിയുള്ള ഉപദേശങ്ങള്‍ നല്‍കുക, സംസ്ക്കാരത്തെ എല്ലാരീതിയിലും പോഷിപ്പിക്കുക, ഭാവി തലമുറയ്ക്ക് ഭജിക്കാന്‍ യോഗ്യമായ ദിവ്യലീലകളാടുക തുടങ്ങിയവയാണ് അവതാരത്തിന്റെ ധര്‍മ്മം. ഇതെല്ലാം അതുല്യമായ രീതിയില്‍ ഭഗവാന് ശ്രീകൃഷ്ണന് നിര്‍വ്വഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുരഭാവം, വൈവിധ്യമാര്‍ന്ന കര്‍മ്മരംഗങ്ങള്‍, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ കൃഷ്ണന്റെ ജീവിതത്തിന്റെ പ്രത്യേകതകളാണ്. പലപല വേഷങ്ങള്‍ ഭംഗിയായി ആടുന്ന ഒരു നടനെപ്പോലെ കൃഷ്ണന് തന്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു. എല്ലാ വേഷങ്ങളും മനോഹരമായി ആടി. അവയൊക്കെ അനായാസമായി തന്നെ അഴിച്ചുവെയ്ക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല.
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണസ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതും കാട്ടി. എന്നാല്‍ ഒപ്പം വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നെ രാജാവായി, ലോകത്തിന്റെ പ്രഭുവായി. എന്നാല്‍ എളിയവരുടെ ഭക്തിക്കുമുന്‍പില്‍ കീഴടങ്ങുന്നവനായി. മഹാഗൃഹസ്ഥനായി. പക്ഷെ ബ്രഹ്മചാരിയുടെ വിശുദ്ധിയോടെതന്നെ ജീവിച്ചു.
മഹര്‍ഷിമാരും രാജാക്കന്മാരും അണിനിരന്ന രാജസൂയത്തില്‍ യുധിഷ്ഠിരന്റെ അഗ്രപൂജ ഭഗവാന് സ്വീകരിച്ചു. എന്നാല്‍ അല്പം കഴിഞ്ഞ് അതിഥികളുടെ പാദം കഴുകി സ്വീകരിക്കാനും തയാറായി. ചെയ്യുന്ന കര്‍മ്മം എന്തായാലും അതില്‍ പൂര്‍ണ്ണമായി മുഴുകുക, ഒപ്പം നിസ്സംഗനായിരിക്കുക. അതായിരുന്നു ഭഗവാന്റെ രീതി. അര്‍ജ്ജുനന്റെ തേരാളിയായി, ഗീത ഉപദേശിച്ചു. വിശ്വരൂപദര്‍ശനം നല്കി. എന്നാല്‍ അടുത്ത ക്ഷണംതന്നെ വെറും സാധാരണ തേരാളിയുടെ ഭാവത്തില്‍ കുതിരകളുടെ പരിചരണത്തില്‍ മുഴുകുന്നതും നമ്മള് കാണുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളെ കൈപ്പിടിയിലൊതുക്കുവാന്‍ ഭഗവാനല്ലാതെ മറ്റാര്‍ക്കു കഴിയും! പുറമെ ഏതു വേഷം ധരിച്ചാലും, ഏതൊക്കെ പ്രവൃത്തികളില്‍ മുഴുകിയാലും അകമെ പരിപൂര്‍ണ്ണനിസ്സംഗനായിരുന്നു ഭഗവാന്.
ഭഗവാന്റെ ജീവിതത്തിന്റെ സമഗ്രത അവിടുത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിന്റെ ഏതു മേഖലയില്‍ പെട്ടവര്‍ക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികള്‍ അവിടുന്നു കാട്ടിത്തന്നു. ബന്ധനകാരണമായ കര്‍മ്മത്തെ എങ്ങനെ മോക്ഷത്തിനുള്ള ഉപായമാക്കി മാറ്റാമെന്നു ഭഗവാന് പഠിപ്പിച്ചു. ഫലത്തില്‍ ആഗ്രഹമില്ലാതെ, നിസ്സംഗനായി കര്‍മ്മം ചെയ്യാന്‍ അവിടുന്ന് ഉപദേശിച്ചു. നമ്മള് ചെയ്യുന്ന ഏതു കര്‍മ്മത്തിന്റെയും പിറകില്‍ ഈശ്വരശക്തിയാണ് പ്രവര്‍ത്തിക്കുന്നത്, “താന്‍ ഒന്നും ചെയ്യുന്നില്ല, ഈശ്വരനാണ് തന്നിലൂടെ പ്രവര്‍ത്തിക്കുന്നത്’ എന്ന സത്യം തിരിച്ചറിയുമ്പോള്‍, നമ്മള് ഈശ്വരന്റെ കൈയ്യിലെ ഉപകരണമായി മാറും. പിന്നെ ഒരു കര്‍മ്മത്തിനും നമ്മളെ ബന്ധിക്കാനാവില്ല. അതോടൊപ്പം സകല ഭയങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും നമ്മള് മുക്തരാകുകയും ചെയ്യും. ഈ സത്യമാണ് ഭഗവാന് നമ്മളെ പഠിപ്പിച്ചത്.
മനസ്സിനെ പൂര്‍ണ്ണമായി അതിജീവിക്കുമ്പോഴാണ് പൂര്‍ണ്ണത കൈവരിക്കുന്നത്. ശ്രീകൃഷ്ണന് അതിനു കഴിഞ്ഞു. അതാണ് അവിടുത്തെ പൂര്‍ണ്ണാവതാരം എന്നുപറയുന്നത്. ഒരു മുറിയില്‍നിന്നും മറ്റൊരു മുറിയിലേയ്ക്കു പോകുന്ന ലാഘവത്തോടെ, ഒരു സാഹചര്യത്തില്‍നിന്നും മറ്റൊരു സാഹചര്യത്തിലേയ്ക്ക് പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് നീങ്ങി. കാറ്റ് എല്ലായിടത്തും കടന്നുചെല്ലും എന്നാല്‍ ഒരിടത്തും അതു തങ്ങി നില്ക്കുകയില്ല. കാറ്റ് എല്ലാവരെയും തഴുകിത്തലോടും. എന്നാല്‍ ആര്‍ക്കും അതിനെ കെട്ടിയിടാന്‍ കഴിയില്ല. അതുപോലെയായിരുന്നു കൃഷ്ണന്. ശ്രുതിയും താളവും ലയവും ഒത്തുചേര്‍ന്ന ഒരു മധുരസങ്കീര്‍ത്തനമായിരുന്നു അവിടുത്തെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: