തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിന്നുള്‍പ്പെടെ ശ്രദ്ധ തിരിക്കാന്‍ സിപിഎം കണ്ണൂരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് ഇതിന്റെ ഭാഗമായാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിത കലാപങ്ങള്‍ക്ക് ശ്രമിക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളുടെ ചുമരുകളില്‍ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു.
പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിര്‍മ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: