മനാമ (ബഹ്‌റൈന്‍): ഓണദിവസം ആരും വിശക്കുന്നവയറുമായി കഴിയരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറിൽപരം ആൾക്കാർക്ക് സംസ്കൃതി ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു. കൊറോണ വൈറസ് എന്ന മഹാമാരിയിൽ പലവിധ കഷ്ടതകളാൽ അതിജീവനത്തിലൂടെ നീങ്ങുന്ന ഈ കാലഘട്ടത്തിൽ ബഹ്‌റിനിലെ വിവിധസ്ഥലങ്ങളിൽ കഴിയുന്നവരുടെ ആവശ്യകത കണ്ടറിഞ്ഞ്, സംസ്കൃതി ബഹ്‌റൈൻ ഭാരവാഹികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓണസദ്യ വിതരണം ചെയ്തത്.
സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. ജാതി, മത, രാഷ്‌ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി തങ്ങളോടൊപ്പം പങ്കാളികളായതായി സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. ഇതിനായി മുന്നിട്ടിറങ്ങിയ സംസ്കൃതിയുടെ ശബരീശ്വരം വിഭാഗിന്റെ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. ഒരുകൂട്ടം സദ്‌മനസ്സുകളുടെ സഹകരണത്തോടെ തിരുവോണദിവസം ഇത്രയുംപേർക്ക് ആഹാരം നൽകാനായതിലുള്ള സംതൃപ്തി സഹ സംയോജക് സുരേഷ് ബാബുവും പങ്കുവെച്ചു.
ഈ പുണ്യപ്രവർത്തനത്തിന്റെ ഭാഗമായി സംഭാവനയായി ലഭിച്ച അൻപത് ടെലിഫോണ്‍ കാളിങ് കാർഡുകൾ തൊഴിൽ നഷ്ടപെട്ടും മറ്റും വേണ്ടപ്പെട്ടവരെ ഒന്ന് വിളിക്കാൻപോലുംസാധിക്കാതെ കഴിയുന്നവരെ കണ്ടെത്തി വിതരണം ചെയ്യും. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ഓണസദ്യ വിതരണത്തിന് തുടക്കം കുറിച്ചത്. സംസ്കൃതി ബഹ്‌റൈന്റെ കേരള തമിഴ്നാട് ഘടകങ്ങള്‍ ഉള്‍പെട്ട ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ റിതിൻ രാജ്, അനിൽ മടപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും മറ്റ് നിരവധി അംഗങ്ങൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: