തൃശൂര്‍: മണ്ണുത്തി മാടക്കത്തറയില്‍ വീടുകള്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി അക്രമം നടന്നത്.വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ പരസ്പരം വീടു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശി ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. മേഖലയില്‍ അക്രമം നടന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പറയുന്നു. വിഭാഗീയതയെ തുടര്‍ന്ന് നേരത്തേ നിരവധി തവണ മേഖലയില്‍ സിപിഎമ്മുകാര്‍ തമ്മില്‍ സംഘട്ടനവും വീട് അക്രമിച്ച സംഭവവും നടന്നിട്ടുണ്ട്.
ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സിപിഎം നേതാവും വാര്‍ഡ് മെമ്പറും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നുവെന്നാണ് അരോപണം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി സുനിത ജയകുമാറിന്റെ വീട് ഉള്‍പ്പെടെ തല്ലിത്തകര്‍ത്തിട്ടുണ്ട്. സുനിതയുടെ ഭര്‍ത്താവ് ജയകുമാര്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയകുമാറിനെ സിപിഎം ഒഴിവാക്കി. ഇതേ തുടര്‍ന്ന് സിപിഎമ്മുമായി അകന്നു നില്ക്കുന്ന സുനിതയും ജയകുമാറും പാര്‍ട്ടി വിടുമെന്ന പ്രചരണം ശക്തമായി നിലനില്‍ക്കുന്നതിനിടെയിലാണ് വീട് കയറിയുള്ള അക്രമണം. സിപിഎമ്മിനുള്ള ഭിന്നത മറനീക്കി വന്നതാണ് പരസ്പരമുള്ള ആക്രമണത്തില്‍ കലാശിച്ചത്.
മാരകായുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. പടിഞ്ഞാറേ വെള്ളാനിക്കര, തേറമ്പം എന്നിവിടങ്ങളിലാണ് സിപിഎമ്മുകാര്‍ തമ്മില്‍ അക്രമം നടത്തിയത്. ഉത്രാടദിനത്തില്‍ വൈകീട്ട് 7.30ഓടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം. ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ മാടക്കത്തറ സ്വദേശി വ്യാസന്, കുട്ടന്, ജിതിന്, വിജീഷ്, കിരണ്‍ എന്നിവരടങ്ങിയ സംഘം ആദ്യം പൊളിക്കുഴി മോഹന്‍ദാസിന്റെ വീടാണ് ആക്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ ഇവരുടെ വീടുകള്‍ മറുവിഭാഗമെത്തി രാത്രിയില്‍ നശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവോണദിവസം രാത്രിയില്‍ കാറിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമം നടത്തി. റോഡിലൂടെ നടന്നു പോകുന്നവരെ വടിവാളുകൊണ്ട വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരില്‍ നാലു പേര് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു. തേറമ്പം കപ്ലിക്കുന്നേല്‍ ജോബി, നടക്കാലില്‍ സതീഷ്, മാടക്കത്തറ സ്വദേശി വിജേഷ്, വെള്ളാനിക്കര മഠത്തിപറമ്പില്‍ ജയുകാര് എന്നിവരാണ് ചികിത്സയിലുള്ളത്. അക്രമത്തില്‍ മാടക്കത്തറ സ്വദേശികളായ വ്യാസന്, വിജീഷ്, സരോജിനി, മോഹന്‍ദാസ്, സുനിത എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: