തിരുവനന്തപുരം: സിപിഎമ്മിന്റെ ഗുരുദേവ നിന്ദയ്‌ക്ക് എതിരെ പ്രതിഷേധം ശക്തം. ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയദിനത്തില്‍ കരിദിനാചരണത്തിന് ആഹ്വാനം നല്‍കിയ സിപിഎം നടപടിക്കെതിരെ രോഷം ഇരമ്പുകയാണ്.
ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം കുരിശില്‍ തറച്ച് അപമാനിച്ചത്. കേരളം മുഴുവന്‍ അന്നത് ചര്‍ച്ച ചെയ്തിരുന്നു. കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയിലാണ് നിശ്ചല ദൃശ്യമായി ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചത്.
ശ്രീനാരായണഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകളെപ്പോലും മാറ്റി ചിത്രീകരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ അന്ന് നിശ്ചലദൃശ്യം തയാറാക്കിയത്. പല ജാതി പല മതം പല ദൈവം മനുഷ്യന് എന്നായിരുന്നു അന്ന് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളെ അവര്‍ മാറ്റിയിരുന്നത്. നിശ്ചല ദൃശ്യത്തിലെ ശ്രീനാരായണ ഗുരുദേവന്റെ ഇരു കൈകളിലും സിപിഎം പ്രവര്‍ത്തകര്‍ ഈ വാചകങ്ങളും കെട്ടി തൂക്കിയിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും അന്ന് പ്രവര്‍ത്തകരുടെ തെറ്റ് തിരുത്തിക്കാന്‍ സിപിഎം നേതൃത്വം തയാറായില്ല.
നവോത്ഥാനത്തിന്റെ പേരില്‍, വനിതാ മതില്‍ തട്ടിക്കൂട്ടി ദിവസവും ഗുരുഭക്തരെ സിപിഎം വഞ്ചിച്ചു. 2019 ജനുവരി ഒന്നിനായിരുന്നു വനിതാ മതില്‍. ലോക പ്രശസ്തമായ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത് എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യ ദിവസവുമായിട്ടാണ്. ഇത് അറിയാമായിരുന്നിട്ട് കൂടി സര്‍ക്കാരും സിപിഎമ്മും വനിതാ മതില്‍ നടത്താല്‍ തീരുമാനിച്ചത് 2019 ജനുവരി ഒന്നിനായിരുന്നു. ശിവഗിരി തീര്‍ത്ഥാടന ദിവസം നടത്തുന്ന വനിതാ മതില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന പലരുടേയും ആവശ്യം അന്നും സര്‍ക്കാരും സിപിഎമ്മും ചെവിക്കൊണ്ടില്ല.
കഴിഞ്ഞ 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനും ശിവഗിരി മഠത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന സമയത്ത് പരീക്ഷയും മറ്റും നടന്നതിനാല്‍ പൊതുഅവധി നല്‍കണമെന്നായിരുന്നു സര്‍ക്കാരിനോട് ശിവഗിരി മഠം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. സര്‍ക്കാര്‍ അവധി നല്‍കാത്തതിനെതിരെ ശിവഗിരിമഠം തന്നെ രംഗത്തെത്തുകയും ചെയ്തു. ശ്രീനാരായണ ഗുരുവിനെ പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി അന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്നിപ്പോള്‍ ഗുരുനിന്ദ വീണ്ടും സിപിഎം ആവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. നാലു ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെ പേരില്‍ പ്രതിഷേധം നടത്താന്‍ സിപിഎം തെരഞ്ഞെടുത്തത് ഗുരുദേവ ജയന്തി ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: