ന്യൂദല്‍ഹി: അറുപതുകള്‍ മുതല്‍ കോണ്‍ഗ്രസിനൊപ്പം. പിന്നീട് ആ പ്രസ്ഥാനത്തോട് ഇടര്‍ച്ചയും അകല്‍ച്ചയും. ഇന്ദിര ഗാന്ധിയുടെ മരണത്തിനു ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയാവും എന്നു പോലും കരുതിയിരുന്ന നേതാവ്. പ്രണബിനെ രാഷ്‌ട്രപതിയാക്കാതെ പാര്‍ട്ടിയുടെ നേതാവാക്കിയിരുന്നു എങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു ഈ ഗതി വരില്ലായിരുന്നു എന്നു കരുതുന്ന പാര്‍ട്ടി നേതാക്കളും ഏറെ.
ബംഗാള്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു പ്രണബിന്റെ രാഷ്‌ട്രീയ പ്രവേശം. 1969ലെ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ മിഡ്നാപുരില്‍ മത്സരിച്ച മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൃഷ്ണമേനോന്‍ വിജയിച്ചു. തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിലും പ്രവര്‍ത്തകരെ രംഗത്തിറക്കുന്നതിലും പ്രണബ് പ്രകടിപ്പിച്ച മികവും ഊര്‍ജ്ജസ്വലതയും അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. മുപ്പത്തിനാലാമത്തെ വയസില്‍ 1969ല്‍ പ്രണബിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ എത്തിച്ചു. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1975ലെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരയുടെ കൂടെ നിന്നു.
എന്നാല്‍ ഇന്ദിരയുടെ മരണത്തിനുശേഷം കോണ്‍ഗ്രസ്സില്‍ അധികാരവടംവലി രൂക്ഷമായപ്പോള്‍ പ്രണബിനെ ഒതുക്കി. പ്രണബ് ധനമന്ത്രിയായിരുന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു പിന്നീടു പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്. 1982ലും 1984ലും ധനകാര്യമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി ആയേക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രണബ് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോകുന്ന അവസ്ഥയാണുണ്ടായത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഇടവും ലഭിച്ചില്ല. ഈ ഘട്ടത്തില്‍ രാഷ്‌ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിച്ചു. പിന്നീട് രാജീവ് ഗാന്ധി മുന്‍കൈയെടുത്ത് പ്രണബ് വീണ്ടും കോണ്‍ഗ്രസിലെത്തി. എങ്കിലും സജീവമായിരുന്നില്ല.
പ്രണബിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് പി.വി. നരസിംഹറാവുവാണ്. പ്രധാനമന്ത്രിയായ നരസിംഹറാവു ആസൂത്രണക്കമ്മീഷന്‍ വൈസ് ചെയര്‍മാനായി പ്രണബിനെ നിയമിച്ചു. പിന്നീട് റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയുമായി. ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവയുടെയെല്ലാം ഭരണനിര്‍വഹണസമിതിയില്‍ അംഗമായ പ്രണബ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതലസമിതികളെ നയിച്ചിട്ടുണ്ട്. രാജ്യസഭാംഗമായി ഏറെക്കാലം തുടര്‍ന്ന പ്രണബ് 2004ല്‍ ബംഗാളിലെ ജങ്കിര്‍പ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. 2009ല്‍ വിജയം ആവര്‍ത്തിച്ചു.
2012ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രണബിന് ആകെ വോട്ടിന്റെ 69.31 ശതമാനം ലഭിച്ചു. പി.എ. സാങ്മയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലായിരുന്നു പ്രണബ്. കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് രാഷ്‌ട്രീയമായി ബലിയാടാകേണ്ടി വന്നു. രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ രാഷ്‌ട്രപതിയാക്കി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചതെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്‌ട്രപതിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായും പ്രണബ് അടുപ്പം പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക