കണ്ണൂർ: ജില്ലയിൽ ആകമാനം സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. മട്ടന്നൂർ നെല്ലൂന്നിയിൽ രാത്രിയുടെ മറവിൽ രഞ്ജിത്ത് എന്ന ബിജെപി പ്രവർത്തകനെ അക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത സംഭവവും കതിരൂർ ,പൊന്ന്യം, മൂഴിക്കര അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ ചുവപ്പും കറുപ്പും സ്റ്റിക്കറുകൾ പതിച്ച സംഭവവും കതിരൂർ ഏഴാംമൈലിൽ ബിജെപി നേതാക്കളെ തടഞ്ഞ് വെച്ച് അസഭ്യവർഷം നടത്തിയതും സിപിഎം വ്യാപകമായ അക്രമത്തിന് പദ്ധതി തയ്യാറെടുക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഒരു ഭാഗത്ത് സമാധാനം പ്രസംഗിക്കുകയും മറുഭാഗത്ത് അക്രമത്തിന് നേത്രത്വം നൽകുകയുമാണ് സിപിഎം നേതൃത്വം.വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ സ്റ്റിക്കറുകൾ പതിച്ച സംഭവം വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ ഉന്നത നേതൃത്വങ്ങളുടേയും ജില്ലാ – ഏരിയാ നേതൃത്വത്തിന്റെയും അറിവോടെ സംഘപരിവാർ പ്രവർത്തകരേയും നേതാക്കളേയും അപായപ്പെട്ടത്താൻ നടത്തുന്ന ഗൂഢാലോചനയിലേക്കാണ്.
തികച്ചും സമാധാനം നിലനിൽക്കുന്ന ജില്ലയിൽ യാതൊരു പ്രകോപനകവുമില്ലാതെ അക്രമം നടത്തിയും ഭീഷണിപ്പെടുത്തിയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും അശാന്തി വിതയ്‌ക്കാനു ള്ള നീക്കം കണ്ണൂരിന്റെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും സിപിഎം അക്രമം തുടർന്നാൽ പ്രതിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്തിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വന്നതും സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയും ചെയ്യവേ സി പി എം പൊതു സമൂഹത്തിൽ നിന്നും അകന്നു കൊണ്ടിരിക്കെ ജനശ്രദ്ധ തിരിക്കാൻ ജില്ലയിൽ കൊലപാതകവും അക്രമങ്ങളും നടത്താൻ തയ്യാറെടുപ്പുകൾ നടത്തുകയാണ്. സി പി എമ്മിന്റെ അക്രമങ്ങൾക്കെതിരേയും ബി ജെ പി -സംഘപരിവാർ നേതാക്കളെ അപായപ്പെടുത്താനുമുള്ള നീക്കത്തിനെതിരെയും ഇന്ന് ( 02.09.202O) ന് ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ധർണ്ണ സംഘടിപ്പിക്കുമെന്നും ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: