കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിവസത്തെ കർമ്മ പദ്ധതി അഴിമതിക്കുള്ള കോപ്പുകൂട്ടലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നാലരവർഷം ഒന്നും ചെയ്യാത്തവരാണ് 100 ദിവസത്തെ കർമ്മപരിപാടിയുമായി ഇറങ്ങി എല്ലാം ശരിയാക്കി കളയുമെന്ന് പറയുന്നത്. പി.എസ്.സി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി നിഷേധിക്കപ്പെട്ടതിനാൽ ആത്മഹത്യ ചെയ്ത തിരുവനന്തപുരത്തെ അനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് നടത്തിയ ഉപവാസസമരം കോഴിക്കോട് കളക്ട്രേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബി എന്നത് ഖജനാവ് കൊള്ളയടിക്കാനുള്ള ഏർപ്പാടാണ്. കിഫ്ബിയുടെ എല്ലാ ഇടപാടും ഫിഫ്റ്റി-ഫിഫ്റ്റിയാണ്.
ഫിഫ്റ്റി കമ്മീഷനാണ്. ഊരാളുങ്കലിന് കരാർ കൊടുക്കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണ്. ഇത്രയും കാലം അഴിമതിയും കൊള്ളയും നടത്തിയ സർക്കാർ ഇനി ഈ അവസാന സമയത്ത് ഒന്നും ചെയ്തില്ലേലും ജനങ്ങളെ ദ്രോഹിക്കരുത്. രാജ്യത്തെ ഒരു നിയമവും അംഗീകരിക്കാതെയാണ് കിഫ്ബി പദ്ധതികളെല്ലാം നടപ്പാക്കുന്നത്.
തോന്നിയപടി കമ്മീഷൻ അടിക്കുകയാണ് സർക്കാറും പാർട്ടിയും. 500 രൂപയുടെ കിറ്റ് കൊടുത്താൽ 150 രൂപ പാർട്ടിക്കാണ്. പാവങ്ങൾക്ക് കൊടുക്കുന്ന ഭക്ഷ്യധാന്യ കിറ്റിൽ കയ്യിട്ട് വാരുന്ന പിണറായി കാലിത്തീറ്റ അഴിമതി നടത്തിയ ലാലുവിന്റെ ഏട്ടനാണ്. എൽ.ഡി.എഫ് വന്നിട്ട് എന്താ ശരിയായതെന്ന് ചോദിച്ചാൽ തൊഴിലില്ലായ്‌മയിൽ, അഴിമതിയിൽ, കമ്മീഷനിൽ, കൺസൾട്ടൻസിയിൽ കേരളം നമ്പർ വൺ ആയെന്ന് സുരേന്ദ്രൻ പരിഹസിച്ചു. കൊവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നവർക്കെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തും. തൊഴിലില്ലായ്‌മ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ യുവജനങ്ങളെ പറ്റിച്ചു. ഒരോ വർഷവും ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കൾക്കും സ്വന്തക്കാർക്കും മാത്രമാണ് കേരളത്തിൽ ജോലി.
സംസ്ഥാനത്ത് ആദ്യമായി ബന്ധുനിയമനത്തിന്റെ പേരിൽ ഒരു മന്ത്രിയ്‌ക്ക് രാജിവെക്കേണ്ടി വന്നു. പി.എസ്.സിയുടെ വിശ്വാസത തകർത്ത സർക്കാർ പബ്ലിക്ക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കി മാറ്റി. പാർട്ടിക്കാർക്ക് കോപ്പി അടിക്കാനും ഒ.എം.ആർ പേപ്പർ തിരുത്താനുമുള്ള കാര്യങ്ങൾ ചെയ്തു കൊടുത്തു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി വർദ്ധിപ്പിക്കാത്തത് കേരളത്തിൽ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനുവിന്റെ മരണത്തിന് കാരണക്കാരൻ മുഖ്യമന്ത്രിയാണ്. റാങ്ക്ലിസ്റ്റ് റദ്ദാക്കുന്നതിനെതിരെ പ്രതികരിച്ചാൽ വിലക്കുക, കരിനിയമങ്ങൾ കൊണ്ട് യുവാക്കലുടെ വായടപ്പിക്കുക തുടങ്ങിയ ഫാസിസ്റ്റ് രീതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കോപ്പി അടിക്കുന്നവരെയാണ് ഡിബാർ ചെയ്യേണ്ടതെങ്കിൽ ഇതിനെതിരെ പ്രതിഷേധമുയർത്തിയവരെയാണ് ഡിബാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും പി.എസ്.സി ചെയർമാന്റെയും ധിക്കാരകരമായ നടപടിയാണ് യുവാവിന്റെ മരണത്തിന് കാരണം. അഴിമതിയും സ്വർണ്ണക്കള്ളക്കടത്തും മാത്രമല്ല ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി മയക്കുമരുന്ന് കച്ചവടവും നടത്തുന്നുവെന്നാണ് പുതിയ അറിവെന്ന് സുരേന്ദ്രൻ പറഞ്ഞു.
ബാംഗ്ലൂരിൽ അനൂപ് മുഹമ്മദ് എന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് കച്ചവടക്കാരനെ പിടിച്ചപ്പോൾ ബന്ധം കേരളത്തിലെ ഉന്നത സി.പി.എം നേതാവിന്റെ മകനിലേക്കാണ് നീങ്ങുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും സ്വർണ്ണക്കടത്തിൽ മുഖം നഷ്ടപ്പെട്ട സി.പി.എമ്മിന് മയക്കുമരുന്ന് കച്ചവടത്തിലും പങ്കുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ലക്ഷോപലക്ഷം വരുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്കൊപ്പം ബി.ജെ.പി
ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.ഗണേഷ്, വനിതാ കോർഡിനേറ്റർ എൻ.പി ശിഖ, ജില്ലാ പ്രസിഡന്റ് ടി.രനീഷ് എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ് ബാബു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: