കൊച്ചി: കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ മഹാത്മാ അയ്യന്‍കാളിയോട് കടുത്ത അവഗണനയാണ് കാട്ടിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. 1914ല്‍ മഹാത്മാ അയ്യന്‍കാളി വെങ്ങാന്നൂരില്‍ സ്ഥാപിച്ച പുതുവല്‍വിളാകം യുപി മലയാളം പ്രൈമറി സ്കൂള്‍ വികസിപ്പിക്കാനോ അദ്ദേഹത്തെ എക്കാലവും ഓര്‍മിക്കത്തക്കവിധം ഒരു സ്മാരക കേന്ദ്രമാക്കാനോ ശ്രമം നടന്നില്ല. ഇത് കടുത്ത അപരാധം തന്നെയാണെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു. മഹാത്മാ അയ്യന്‍കാളിയുടെ ഐതിഹാസിക ജീവിതത്തെ ആസ്പദമാക്കി തിരൂര്‍ ദിനേശ് രചിച്ച നോവലായ ‘തീണ്ടാളന്‍’ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മുരളീധരന്.
കുരുക്ഷേത്ര ബുക്സ് സംഘടിപ്പിച്ച പ്രകാശനച്ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. കേന്ദ്ര സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.കെ. ജയപ്രസാദ് ആമുഖ പ്രഭാഷണം നടത്തി. മഹാത്മാ അയ്യന്‍കാളിയുടെ സന്തത സഹചാരിയായിരുന്ന കുറുമ്പന് ദൈവത്താന്റെ ചെറുമകളും കെപിഎംഎസ് സംസ്ഥാന സമിതി അംഗവുമായ ഭാര്‍ഗവി ടീച്ചര്‍, കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകര്‍ത്താവ് തിരൂര്‍ ദിനേശ് മറുപടി പറഞ്ഞു.
ഓണ്‍ലൈനില്‍ പുസ്തക പ്രകാശന സമയത്തുതന്നെ മലപ്പുറം ജില്ലയിലെ കുറ്റൂര്‍പാടത്ത് കര്‍ഷക തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി കാരണവരായ തിരുത്തുമ്മല്‍ പരമേശ്വരന് കര്‍ഷക മുത്തശിയായ ചെമ്പിക്ക് ‘തീണ്ടാളന്‍’ നോവല്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: