കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിലെ അനിശ്ചിതത്വത്തില്‍ 250 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതത്തില്‍. വിമാനത്താവളത്തിന് താഴെ ഭാഗത്തുളള കാനാട്, കൂളിപ്പാലം മേഖലയിലെ കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ഭാഗമായ കീഴല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം സ്വന്തം കിടപ്പാടവും ഭൂമിയും ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ പുനരധിവാസവും നടന്നിട്ടില്ല. നിലവിലുളള 3050 മീറ്റര്‍ റണ്‍വേ നാലായിരം മീറ്ററാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും ആറ് വര്‍ഷം മുമ്പ് ജനവാസ മേഖലയിലെ വീടുകളടക്കം ഏറ്റെടുക്കാനും തീരുമാനമെടുക്കുകയുംവിജ്ഞാപനം ഇറക്കുകയുമായിരുന്നു. നഷ്ടപരിഹാരം നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത ഭൂമികള്‍ ക്രയവിക്രയം നടത്താനോ നിര്‍മ്മാണ പ്രവൃത്തി നടത്താനോ പാടില്ലെന്ന് പ്രദേശവാസികളെ അറിയിക്കുകയായിരുന്നു.
എന്നാല്‍ സര്‍വ്വേ നടത്തി ഏറ്റെടുക്കേണ്ട ഭൂമി നിശ്ചയിച്ചതല്ലാതെ യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. നിലവിലുളള റണ്‍വേയ്ക്ക് താഴെയുളള പത്ത് പതിനഞ്ച് കുടുംബങ്ങള്‍ക്ക് മണ്ണിടിച്ചിലും വെളളത്തിന്റെ കുത്തൊഴുക്കും മറ്റും കാരണം ഒഴിഞ്ഞ് പോവേണ്ടിയും വന്നിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞു പോയവര്‍ക്ക് വീട്ട് വാടക നല്‍കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും നാളിതുവരെയായി ഒരു രൂപ സഹായം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം പേരിലുളള ഭൂമി ബാങ്കില്‍ പണയപ്പെടുത്താനോ വില്‍ക്കാനോ വീടുള്‍പ്പെടെയുളള നിര്‍മ്മാണ പ്രവൃത്തികളോ നടത്താനാവാതെ ജനം ബുദ്ധിമുട്ടുകയാണ്.
വിവാഹ ആവശ്യങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മാണം നടത്താനോ ഭൂമി പണയപ്പെടുത്തി കുട്ടികളുടെ പഠനാവശ്യമടക്കമുളള ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാനോ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാല്‍ റണ്‍വേ വികസനത്തിനേറ്റെടുക്കുന്ന ഭൂമിയെന്ന് ചൂണ്ടിക്കാട്ടി വായപ ലഭ്യമാകാത്ത സാഹചര്യമാണ്. ഒന്നുകില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന മൂന്നൂറോളം ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുത്ത് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക അല്ലെങ്കില്‍ ഭൂമിക്കു മേലുളള നിയമപ്രകാരമുളള ആവകാശങ്ങള്‍ അനുവദിച്ച് തരാന്‍ തയ്യാറാവുകയെന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.
ജൈവ വൈവിധ്യം നിറഞ്ഞ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടക്കം മുതല്‍ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളും രംഗത്തുണ്ടായിരുന്നു. വികസനത്തിനെതിര് നില്‍ക്കരുതെന്ന സിപിഎം നേതാക്കളുടേയും മറ്റും വാക്ക് കേട്ട് ഭൂമി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങള്‍ ദുരിതം പേറുകയാണ്.
ഇതിനിടെ ടൂറിസം വികസനവും വിമാനത്താവളത്തിലേക്കുളള റോഡ് വികസനവുമായി ബന്ധപ്പെട്ട് മണക്കായി-കീഴല്ലൂര്‍, കാനാട് , തെരൂര്‍, പാലയോട് വഴി നിര്‍ദ്ദിഷ്ട നായിക്കാലി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റണ്‍വേയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന പ്രദേശത്തിന് നടുവിലൂടെ വീതിയേറിയ റോഡ് നിര്‍മ്മിക്കാനുളള നീക്കങ്ങള്‍ നടക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കമ്മിറ്റിയുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: