തിരുവനന്തപുരം വിമാനത്താവളം ആര് നടത്തണം എങ്ങനെ നടത്തണമെന്നതാണ് ഇന്നത്തെ ചര്‍ച്ച. ജനങ്ങള്‍ ഒരു വശത്തും ഇടത്-വലത് മുന്നണി നായകര്‍ മറുവശത്തുമായി ചര്‍ച്ച മുറുകുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ബിജെപി ഒഴികെയുള്ള കക്ഷി നേതാക്കളെല്ലാം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ വാചാലരായി. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മത്താപ്പിന് മാത്രമല്ല, മാലപ്പടക്കത്തിനും തീകൊളുത്തി. രണ്ടു ദിവസം പിന്നിട്ടാല്‍ നിയമസഭയെ അത് ശബ്ദമുഖരിതമാക്കും. കേന്ദ്രത്തിനെതിരെ പ്രമേയവും വരുമത്രേ.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വരുന്ന ഏത് പ്രമേയത്തിന് വേണ്ടിയും കൈ മെയ് മറന്ന് കൈ പൊക്കുക എന്നതാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ ‘ധര്‍മം.’ ഉയരുന്ന കറുത്ത കൈകളെ വാരിപ്പുണരാന്‍ ഭരണകക്ഷിക്കും മടിയില്ല. ഇടത് സര്‍ക്കാരിനൊപ്പം പ്രതിപക്ഷം കൂടിനിന്നാല്‍ കേന്ദ്ര തീരുമാനത്തെ മാറ്റിമറിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കട്ടായമായി പറയുന്നത്. ഈനാംപേച്ചിയും മരപ്പട്ടിയും താലികെട്ടിയാല്‍ വെള്ളരിപ്രാവിനെ സൃഷ്ടിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കില്‍, ദൈവമേ, അത്തരക്കാര്‍ക്ക് സത്ബുദ്ധി തോന്നിക്കണേ, എന്നേ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ.
നേരത്തെ ഇതുപോലുള്ള നിലപാടുകള്‍ ഇരുമുന്നണികളും ചേര്‍ന്നെടുത്ത് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ കണ്ടതാണ്. പ്രമേയം നിയമസഭയില്‍ പാസ്സായി. പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വ ബില്‍ പാസ്സാക്കി. മുത്തലാഖിന്റെ കാര്യത്തിലും 370-ാം വകുപ്പു വിഷയത്തിലും ഇരുകൂട്ടരും നമ്മളൊന്ന് നമുക്കൊന്ന് എന്ന നിലപാട് ആവര്‍ത്തിച്ചതാണ്. അതിനെ രാജ്യം മുഴുവനും (കേരള ജനത ഉള്‍പ്പെടെ) തള്ളിക്കളഞ്ഞു. ശ്രീരാമജന്മസ്ഥാനത്ത് ശ്രീരാമക്ഷേത്രം മതി എന്ന് സുപ്രീംകോടതിതന്നെ പ്രസ്താവിച്ചപ്പോഴും കേരളത്തില്‍ ധ്രുവങ്ങളില്‍ നില്ക്കുന്ന പാര്‍ട്ടികള്‍ ‘കൊട് കൈ’ എന്ന് ഉറക്കെ പറഞ്ഞു. എന്നിട്ടെന്തായി?. ക്ഷേത്രത്തിന് തറക്കല്ലിട്ടു.
പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത് ശരിയായില്ലെന്ന് സിപിഎം പറഞ്ഞാല്‍ മനസ്സിലാക്കാം. ഒരു സിപിഎംകാരന് ഇന്ത്യയില്‍ പ്രധാനമന്ത്രിയായിട്ടില്ല. ഇനിയൊട്ട് അതിന്റെ നാലയലത്ത് എത്താനും പോകുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയാണോ? നിരവധി കോണ്‍ഗ്രസുകാര്‍ പ്രധാനമന്ത്രിമാരായി, രാഷ്ട്രപതിമാരുമായി. ചരിത്രബോധമുള്ളവര്‍ പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനത്തുള്ളവര്‍ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനും ഉദ്ഘാടനത്തിനും പോകുന്നതിനെ എതിര്‍ക്കുമോ? ഡോ. രാജേന്ദ്ര പ്രസാദ് കോണ്‍ഗ്രസുകാരനായിരുന്നില്ലേ? കോണ്‍ഗ്രസ് അദ്ധ്യക്ഷനും
പിന്നെ രാഷ്ട്രപതിയുമായി. ആ രാഷ്ട്രപതിയാണ് പുതുക്കി പണിത സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. മുന്‍പും പിന്‍പും നോക്കാതെയാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ നിലപാട് സ്വീകരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം സ്ഥാപിച്ചത് ഏതെങ്കിലും ജനാധിപത്യ സര്‍ക്കാരല്ല. ആദ്യം പറന്നുയര്‍ന്ന വിമാനമാകട്ടെ യാത്രാവിമാനവുമല്ല. പൊതുസ്ഥാപനത്തിന്റേതുമല്ല. പൈലറ്റു കൂടിയായ കേണല്‍ ഗോദവര്‍മരാജയുടെ മുന്‍കൈയോടെ 1932 ല്‍ രൂപംകൊണ്ട തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബാണ് ഇതിന്റെ തുടക്കം. ആദ്യ പരീക്ഷണമാകട്ടെ കൊല്ലത്തെ ആശ്രാമം മൈതാനത്തുവച്ചും.
ദിവാന് സര് സിപി മുന്‍കൈയെടുത്താണ് തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്. 1935 നവംബര്‍ ഒന്നിന് ആദ്യ പറക്കല്‍. തിരുവിതാംകൂര്‍ രാജാവിന്റെ അഞ്ചല്‍(തപാല്‍)ബോംബെയില്‍ എത്തിക്കാനായിരുന്നു ഇത്. 1938 ല്‍ , തിരുവിതാംകൂര്‍ രാജാവ് ഡക്കോട്ട വിമാനം വാങ്ങിയത് രാജ്യാതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു. സ്വകാര്യ മുതലാളി ടാറ്റയുടെ സഹകരണത്തോടെയായിരുന്നു ഇത്. തിരുവിതാംകൂര്‍ വിമാനത്താവളത്തിന് അതിന്റെ സ്ഥാപകന്‍ കേണല്‍ ഗോദവര്‍മ രാജയുടെ പേര് നല്‍കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. പക്ഷേ നടന്നില്ല.
തിരുവനന്തപുരത്തിന്റെ ആകാശത്ത് ആദ്യം ഉയര്‍ന്ന് പറന്നത് ഒരു വിമാനമല്ല. വലിയ ബലൂണാണ്. 1843 സെപ്തംബര്‍ 20 ന് സാഹസികനായ മെസ്തര്‍ കൈത തിരുവനന്തപുരം തെക്കേ തെരുവില്‍നിന്ന് വലിയ ബലൂണില്‍ ആകാശത്തേക്ക് പറന്നത് അനന്തപുരി നിവാസികളെ മാത്രമല്ല മഹാരാജാവിനെയും അദ്ഭുതപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഇയാള്‍ക്ക് വലിയൊരു സംഖ്യ പാരിതോഷികമായും നല്കി. മെസ്തര്‍ കൈതയും ഒരു സ്വകാര്യ വ്യക്തിയാണല്ലൊ.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റു തുലയ്ക്കുന്നു എന്നാണ് വിലാപം. സ്വകാര്യ സ്ഥാപനത്തിന് 30,000 കോടിയോളമുള്ള ആസ്തി കൈമാറാന്‍ പോകുന്നു എന്നാണ് ആക്ഷേപം. രാജ്യത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരുപാട് വിമാനത്താവളങ്ങളും സ്ഥാപനങ്ങളും നല്ല നിലയില്‍ നടത്തുന്നുണ്ട്. ഒച്ചിനെപ്പോലെ നീങ്ങുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും സ്വകാര്യ പങ്കാളിത്തം അനിവാര്യമെന്ന് സമൂഹം ഒന്നടങ്കം പറയുന്നു. നന്നായി നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ഉദാരവ്യവസ്ഥകളോടൊപ്പം നില്‍ക്കുകയും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അതിന്റെ നടത്തിപ്പ് ലഭിക്കുമായിരുന്നു. ബിഡ്ഡിലും സുപ്രീംകോടതിയിലും തോറ്റപ്പോള്‍ ന്യായം പറയുന്ന ഇടതു സര്‍ക്കാരിനൊപ്പം നില്ക്കുന്ന പ്രതിപക്ഷത്തിന്റെ നിലയാണ് പരിതാപകരം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നത് ബോംബെ ലോബിയെന്നായിരുന്നു ഒരുകാലത്തെ ശക്തമായ ആരോപണം. അതിപ്പോള്‍ മാറി. തിരുവനന്തപുരം വികസിച്ചാല്‍ കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ കച്ചവടം കഷ്ടത്തിലാകുമെന്ന് ചിന്തിക്കുന്നവരുടെ കൈ പുതിയ വിവാദത്തിനുണ്ടോ? ഉണ്ടെന്ന് വേണം കരുതാന്‍. തിരുവനന്തപുരം എംപിപോലും അദാനി വരട്ടെ, തിരുവനന്തപുരം വികസിക്കട്ടെ എന്നു പറയുമ്പോള്‍ തിരുവനന്തപുരത്തുകാരന് മന്ത്രി പറയുന്നത് കേട്ടില്ലെ? അദാനി വന്നാല്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് ഘോഷയാത്ര മുടങ്ങും! ഘോഷയാത്ര ആചാരമാണ്. ആചാരം എന്നത് ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രിയുടെ കീഴിലുള്ള മന്ത്രിയുടെ വാദം വിചിത്രം. സ്വര്‍ണക്കടത്തും കള്ളക്കടത്തുമെല്ലാം കൊണ്ട് നാണംകെട്ട് വഴിമുട്ടി നില്ക്കുമ്പോള് മുട്ടുന്യായം. വിമാനത്താവളം വിഴിഞ്ഞം വഴി അദാനി ഗുജറാത്തിലേക്കൊന്നും കൊണ്ടുപോകുമെന്ന് അനന്തപുരിക്കാര്‍ വിശ്വസിക്കുന്നില്ല. അവര്‍ പറയും കുത്തിത്തിരുപ്പ് അട്ടത്ത് വച്ചാല്‍ മതിയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: