മൂന്നാര്‍: രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ 62 ആയി. ഇനി എട്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ആറിന് രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. 12 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഡോഗ് സ്‌ക്വാഡിന്റെ നായകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം അവസാനിപ്പിച്ചത്. റഡാര്‍, ഡൗസിംഗ് റോഡ് എന്നീ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള തെരച്ചില്‍ ആണ് പുരോഗമിക്കുന്നത്. ചെന്നൈയില്‍ നിന്ന് എത്തിച്ച ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനത്തിന് പുറമേ തൃശ്ശൂര്‍ സ്വദേശിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ രവീന്ദ്രന്റെ നേതൃത്ത്വത്തില്‍ ഡൗസിംഗ് റോഡ് സംവിധാനവും തെരച്ചിലിനുണ്ട്.
മണ്ണിനടിയിലെ ശരീരസാന്നിദ്യം റഡാര്‍, ഡൗസിംഗ് റോഡ് സംവിധാനത്തില്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്ത് സൂക്ഷമ പരിശോധനയാണ് ഇന്നലെ് നടത്തിയത്. ഇന്നും ഇത് തുടരും. ഇത്തരത്തിലുള്ള തെരച്ചിലില്‍ മണ്ണിനടിയില്‍ നിന്ന് നായയുടെ ജഡം കൂടി കണ്ടെടുക്കാനായി. വരും ദിവസങ്ങളില്‍ തന്നെ മുഴുവന്‍ പേരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചില്‍ സംഘം.
മണ്ണിനടിയില്‍ ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാര്‍ ആണ് എത്തിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തി. അപകട സ്ഥലത്ത് നിന്ന് മാറി പുഴയോരത്ത് 6-9 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ചത്തെ അനുകൂലമായ കാലാവസ്ഥയും റഡാര്‍ സേവനവും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി.
എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചില്‍ സംഘത്തിന് എല്ലാ വിധ സഹായങ്ങളൊരുക്കി പ്രദേശവാസികളും റവന്യൂ-ആരോഗ്യ വകുപ്പും മേഖലയിലുണ്ട്. വളര്‍ത്ത് നായകളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: