ചെന്നൈ: ഇടുക്കി പെട്ടിമുടിയില്‍ ഉണ്ടായ മലയിടിച്ചിലില്‍ അപകടപ്പെട്ടവര്‍ക്ക് കൈതാങ്ങുമായി തമിഴ്നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചിരുന്നു.
അതേസമയം, പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 61 ആയി. അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 9 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്. ഗ്രേവല്‍ ബാങ്ക് പ്രദേശം കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടന്നത്.
മണ്ണിനടിയില്‍ അകപ്പെട്ട ശരീരങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടക്കുന്നത്. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള നാല് അംഗ സംഘത്തെ ഇതിനായി പെട്ടിമുടിയില്‍ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: