മൂന്നാര്‍: പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നു, ദുരന്തത്തില്‍ അകപ്പെട്ട 9 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 61 ആയി ഉയര്‍ന്നു.
അപകടം നടന്ന ശേഷം പന്ത്രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. ഇതിന് ശേഷം ഇന്ന് മൂവരുടേയും സംസ്കാരം നടക്കും. തണുപ്പുള്ള കാലവസ്ഥ ആയതിനാല്‍ മരിച്ചവരുടെ മൃതദേഹം ചെറിയ അഴുകി തുടങ്ങിയിട്ടേ ഉള്ളുവെന്നും തിരിച്ചറിയാനാകുന്നുണ്ടെന്നും പരിശോധനയുടെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ദുരന്തഭൂമിയില്‍ നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും തെരച്ചില്‍ നടന്നത്. ഇവിടെ മണ്ണില്‍ നിന്നാണ് ആദ്യ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തെരച്ചിലില്‍ സിമന്റ് പാലത്തിനും ഏറെ താഴെ നിന്നാണ് മൂന്നാമത്തെ മൃതദേഹം ലഭിച്ചത്.
മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) സംവിധാനത്തിന്റെ സഹായം തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ചെന്നൈ ഭാരതി ദാസന് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള 4 അംഗ സംഘം സംഘമാണ് സ്ഥലത്തെത്തിയത്. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് എത്തിച്ചത്. ഇന്ന് തീവ്രത വീണ്ടും കൂടിയ റഡാര്‍ എത്തിക്കുന്നുണ്ട്. ഇടവിട്ട് മഴ പെയ്യുന്നതാണ് പ്രശ്നം. സംഘം നടത്തുന്ന പരിശോധനയില്‍ സംശയമുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യും. പിന്നീട് ഇവിടെ ജെസിബിക്ക് കുഴിച്ച് പരിശോധിക്കും. നാളെയും ഇവര്‍ സ്ഥലത്ത് തുടരും.
ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇതൊടൊപ്പം ഇന്ന് നടക്കുന്നുണ്ട്. ഇതിനായുള്ള ആളും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച് കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് നിലവിലെ തീരുമാനം.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുന്നത്. തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണ, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരും സ്ഥലത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: