ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍. ദുരന്തങ്ങള്‍ തുടരുമ്പോഴും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ സര്‍ക്കാര്‍. 11 ദിവസം പിന്നിടുമ്പോഴും ഇവരുടെ പുനരധിവാസവും ചോദ്യചിഹ്നമാകുന്നു.
12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്. ഇപ്പോഴും അപകട നടന്ന സ്ഥലത്തെത്തുമ്പോള്‍ മരണത്തിന് ഗന്ധമാണ് ഓടിയെത്തുക.
2019 ആഗസ്റ്റ് 7ന് രാത്രിയിലുണ്ടായ പുത്തുമല ദുരന്തത്തില്‍ 17 പേരെയാണ് ആകെ കാണാതായത്. ഇതില്‍ 12 പേരെ കണ്ടെത്തി, 5 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട് ജില്ലയിലെ കല്‍പ്പറ്റയ്‌ക്കടുത്തുള്ള മേപ്പാടി പഞ്ചായത്തിലെ പുത്തുമലയില്‍ ആണ് ഉരുള്‍പൊട്ടലുണ്ടായത്.
പിന്നാലെയുണ്ടായ കവളപ്പാറ ദുരന്തത്തില്‍ 59 പേരാണ് മരിച്ചത്. 48 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്താനായത്. ആഗസ്റ്റ് എട്ടിന് രാത്രി 7.30ന് ആണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിന് അടുത്തുള്ള പോത്തുകല്‍ പഞ്ചായത്തിലെ കവളപാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 2001 നവംബറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ 39 പേരാണ് മരിച്ചത്.
2018ലെ പെരുമഴക്കാലത്ത് മാത്രം ഇടുക്കിയില്‍ മരിച്ചത് 59 പേരാണ്. ഇതില്‍ 85% പേരും വിവിധിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുമാണ് മരണപ്പെട്ടത്. പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട 40ല്‍ അധികം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതില്‍ മിക്കവരും ഇപ്പോഴും ബന്ധുവീടുകളിലാണ് താമസം. അതും ഒറ്റമുറി ലയങ്ങളില്‍.
ഓണ്‍ലൈന്‍ പഠനം അടക്കം മുടങ്ങിയതോടെ രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി അടക്കമെത്തി വാഗ്ധാനങ്ങള്‍ നല്‍കിയെങ്കിലും എല്ലാ ചുമതലയും കണ്ണന്‍ ദേവന്‍ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഇപ്പോള്‍ തുണയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: