കാസര്‍കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കൂടി ബന്ധമുണ്ടെന്ന് തെളിഞ്ഞ സ്ഥിതിക്ക് പിണറായി വിജയനോട് രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ സീതാറാം യെച്ചൂരി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി അല്‍പ്പകാലത്തേക്കെങ്കിലും നിലനില്ക്കണമെങ്കില് പിണറായി വിജയന്റെ രാജി സീതാരാംയെച്ചൂരി ആവശ്യപ്പെടണം. പിണറായി മുഖ്യമന്ത്രിയായി തുടരുന്ന ഓരോ നിമിഷവും സിപിഎമ്മിന്റെ ശവപ്പെട്ടിയിലെ ആണിയടിക്കലാകുമെന്ന സത്യം യെച്ചൂരി തിരിച്ചറിയണം. ഇ.എം.എസ് സര്‍ക്കാരിനെ പോലെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഗതികേടാണ് പിണറായി വിജയനെ കാത്തിരിക്കുന്നത്. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വെര്‍ച്ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹികളുടെയും, അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെയും ആഗോള ഭീകരരുടെയും താവളമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധവും ഓഫീസിലുള്ള സ്വാധീനവും ഉപയോഗിച്ചാണ് സ്വപ്ന സുരേഷും റമിസും ഉള്‍പ്പടെയുള്ള രാജ്യദ്രോഹികള്‍ ശതകോടികളുടെ കള്ളക്കടത്ത് നടത്തിയത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പിണറായിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്പെയിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: