കൊളോണ്‍ (ജര്‍മനി): പിന്നില്‍ നിന്ന് പൊരുതിക്കയറി ലാ ലിഗ ടീമായ സെവിയ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ആഭ്യന്തര ഫുട്ബോളില്‍ ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് സെമിഫൈനലില്‍ തോല്‍ക്കുന്നത്.
ഒമ്പതാം മിനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം സെവിയ പിന്നില്‍ നിന്ന് പൊരുതിക്കയറി. ശക്തമായി പോരാട്ടം കാഴ്ചവച്ച സെവിയ 26-ാം മിനിറ്റില്‍ യുണൈറ്റഡിന് ഒപ്പം എത്തി. മുന്‍ ലിവര്‍പൂള്‍ താരമായ സുസോയാണ് സെവിയയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ സ്കോര്‍ 1-1.
രണ്ടാം പകുതിയിലും സെവിയ തകര്‍ത്തുകളിച്ചു. കളിയവസാനിക്കാന്‍ പന്ത്രണ്ട് മിനിറ്റ് ശേഷിക്കെ അവര്‍ വിജയഗോളും കുറിച്ചു. പകരക്കാരനായി ഇറങ്ങിയ ലക്ക് ഡി ജോങ്ങാണ് നിര്‍ണായക ഗോള്‍ നേടി സെവിയയെ ഫൈനലിലേക്ക് കടത്തിവിട്ടത്. ഗോള്‍ കീപ്പര്‍ യാസിന് ബോണോയാണ് സെവിയയുടെ വിജയശില്‍പ്പി. എതിരാളികളുടെ ഗോളെന്ന് ഉറപ്പിച്ച ഒട്ടേറെ ഷോട്ടുകള്‍ യാസിന് രക്ഷപ്പെടുത്തി.
ഇന്റര്‍ മിലാനും ഷക്തറും തമ്മിലുളള സെമിഫൈനലിലെ വിജയികളെയാണ് സെവിയ ഫൈനലില്‍ എതിരിടുക. വെള്ളിയാഴ്ച കൊളോണിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: