പേമാരിയുടെയും മഹാമാരിയുടെയും സംഹാരപര്വം. ഭീതിദമായ പ്രകൃതിയിലേക്ക്, നിസ്സഹായതയിലേക്ക് ഇന്ന് ചിങ്ങമാസമെത്തുന്നു. അമിതാഹ്ലാദത്തോടെ, വര്ധിതോത്സാഹത്തോടെയാണ് നാം പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാറുള്ളത്.
കൊല്ലവര്‍ഷത്തിനായി ചുവര്‍പഞ്ചാംഗം മാറ്റുന്ന കാലസന്ധി. ശുഭസംരഭങ്ങള്‍ക്ക് തിരിതെളിയുന്ന മുഹൂര്‍ത്തം. ചിങ്ങം മലയാളിയുടെ മധുരോദാരമായ വികാരമാണ്. ചരിത്രവും സംസ്ക്കാരവും ഒട്ടേറെ വിസ്മയങ്ങള്‍ ചിങ്ങത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.
ഓണനാളുകള്ക്കായാണ് കേരളം ചിങ്ങത്തെ ഉൗഷ്മളമായി വരവേല്‍ക്കുന്നത്. സ്ഥിതിസമത്വത്തിന്റെ ഗതകാലസ്മൃതികളെ വര്‍ത്തമാനത്തിലേക്ക് ആവാഹിക്കുകയാണ് ഓണം. ഭൂതകാലത്തിന്റെ നന്മകളുമായി നാം ബന്ധപ്പെടുമ്പോള്‍ ജീവിത വീക്ഷണത്തിനു തന്നെ നൈരന്തര്യത്തിന്റെ ഒരപൂര്‍വത കൈവരും. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത കാലം. അക്രമം അശാസ്ത്രീയവും യുക്തിഹീനവും കാടത്തവുമാണെന്ന തിരിച്ചറിവിലേക്ക് ഓണസ്മൃതികള്‍ ഒരുവനെ എത്തിക്കണം. അനുരഞ്ജനമാണ് സൗന്ദര്യമെന്ന് ചിങ്ങം നമ്മെ പഠിപ്പിക്കുന്നു.
ഗതിവേഗമേറിയ വര്‍ത്തമാന കാലത്തില്‍ നമ്മള് മലയാളത്തനിമ ഉപേക്ഷിക്കുന്നുണ്ടോ? ആപത്തങ്ങാര്ക്കുമൊട്ടില്ലാത്ത, ആമോദത്തോടെ കേരളീയര്‍ വാണ ഭൂതകാലം കടങ്കഥയാകരുത്. സൗഹൃദവും സമഭാവനയും പുലരണം. മാതൃഭാഷാ പ്രണയം ഒരഭിമാനമായി അവകാശമായി വളരണം. സമ്പന്നമാണ് നമ്മുടെ മലയാളം. സമൃദ്ധമാണ് സംസ്ക്കാരം. തുഞ്ചന്‍ കൊഞ്ചിവളര്ത്തിയ കിളിയും കുഞ്ചന്‍ തുള്ളിയ ആല്‍ത്തറയും ചങ്ങമ്പുഴയുടെ ഓടക്കുഴലും ഉണ്ണായിയുടെ സാമ്യമകന്ന ഉദ്യാനവും നമ്മുടെ വിശുദ്ധമായ പൈതൃകമാണ്.
ചിങ്ങം ഒന്ന് മലയാള ദിനം കൂടിയാകുന്നു. ഭാഷാപരമായ സങ്കുചിതത്വങ്ങള്‍ വെടിഞ്ഞ് നമ്മുടെ കുട്ടികള്‍ മലയാളം മറക്കാതിരിക്കാനായി പ്രാര്‍ഥിക്കാം. ലോകാദരം നേടിയിട്ടുള്ള കലയും സാഹിത്യവും നമുക്കുണ്ട്. മാനവമൈത്രിക്കായി വരകളും വര്‍ണങ്ങളും വാക്കുകളും ഈടുവയ്പ്പുകളാവണം.
പുതിയ ആണ്ട് നമ്മില്‍ നിന്നാരംഭിക്കണം. ശുഭകാമനകള്‍ കുടുംബത്തിലേക്കും സമാജത്തിലേക്കും പടരണം. വെളിച്ചം ഒരു വസ്തുവില്‍ വീഴുമ്പോള്‍ അത് ദീപ്തമാകുന്നു. ചിങ്ങപ്പുലരിയുടെ വെളിച്ചം നമ്മുടെ മനസ്സുകളില്‍ വീഴട്ടെ. സുകൃതികളാവാന് സ്നേഹത്താലും ത്യാഗത്താലും പാരസ്പര്യം പുലര്‍ത്തുക. മഹാമാരി കഴിഞ്ഞുള്ള കാലം നമ്മുടേതാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: