തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ കലാഭവന്‍ സോബിയെ അപകടസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സോബി കാര്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ പമ്പിന് സമീപവും അപകടസ്ഥലത്തും മംഗലപുരം പോലീസ് സ്റ്റേഷനിലുമായിരുന്നു തെളിവെടുപ്പ്. പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്കറിന്റെ നീല ഇന്നോവ കാര്‍ ഒരു സംഘം അടിച്ചുതകര്‍ത്തെന്നായിരുന്നു സോബിയുടെ മൊഴി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചു.
ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണെന്ന സോബിയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ തെളിവെടുപ്പാണ് അന്വേഷണസംഘം നടത്തുന്നത്. ക്രൈംബ്രാഞ്ചിന് നല്‍കാത്ത പുതിയൊരു മൊഴിയും സോബി സിബിഐക്ക് നല്‍കിയിരുന്നു. ഇതിന്റെ ആധികാരികതയും പരിശോധിക്കുന്നുണ്ട്.
രാത്രി 11 മണി വരെ മാത്രമേ പെട്രോള്‍ പമ്പ് പ്രവര്ത്തിക്കാറുള്ളൂയെന്നാണ് ജീവനക്കാര്‍ സിബിെഎയ്ക്ക് മൊഴി നല്‍കിയത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം റോഡില്‍ വാഹനത്തിന്റെ ചില്ല് കഷണങ്ങളോ മറ്റോ കണ്ടിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബാലഭാസ്കറിന്റെ നീല ഇന്നോവ കാര്‍ ഇപ്പോഴും മംഗലപുരം പോലീസ് സ്റ്റേഷനിലാണ്. അവിടെ എത്തി കാര്‍ പരിശോധിച്ച സംഘം സോബിയില്‍നിന്ന് ഇവിടെവച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് വ്യക്തത വരുത്തി.
തിരുനെല്‍വേലിക്കുള്ള യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ അപകടസ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനത്തെ ഒരു സംഘം ആക്രമിച്ചുമെന്നും പിന്‍ഭാഗത്തെ ഗ്ലാസ് ഇരുമ്പ് ദണ്ഡുപയോഗിച്ചു അടിച്ചു തകര്‍ക്കുന്നത് കണ്ടെന്നും സോബി മൊഴി നല്കി. ഇതിന് ശേഷം കൃത്രിമമായി അപകടം സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് സോബിയുടെ മൊഴി.
അതേസമയം, സോബിയുടെ മൊഴിക്ക് വിരുദ്ധമായാണ് അപകടവേളയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന പലരും സിബിഐയോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തന വേളയില്‍ തങ്ങളാണ് ഗ്ലാസുകള്‍ തകര്‍ത്തതെന്നുമാണ് ഇവരുടെ മൊഴി. സാധാരണ അപകടമാണ് നടന്നതെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുന്‍ വാദം സിബിഐക്ക് മുന്നിലും ആവര്‍ത്തിച്ചു. അപകടം നടന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലുമായി അഞ്ചു മണിക്കൂറോളമാണ് സിബിഐ തെളിവെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: