രാമായണത്തിലെ ഓരോ ബിംബങ്ങളും മനുഷ്യ ജീവിതചര്യയോട് വളരെയടുത്തു നില്‍ക്കുന്നു. ഭഗവാന്റെ മനുഷ്യാവതാരം ആണല്ലോ ശ്രീരാമന്‍. പാഞ്ചജന്യത്തിന്റെ അവതാരമാണ് ഭരതന്‍. മഹാവിഷ്ണുവിന്റെ നാലിലൊരു ഭാഗം ശക്തിയാര്‍ജിച്ച് ഭരതന്‍, ദശരഥ മഹാരാജാവിന്റെയും കൈകേയിയുടെയും പുത്രനായി പൂയം നക്ഷത്രത്തില്‍ ജനിച്ചു. സീതാസ്വയംവരത്തോടൊപ്പം ജനകപുത്രിയായ മാണ്ഡവിയെ ഭരതന്‍ വരിച്ചു.
മന്ഥരയുടെ ഉപദേശത്താല്‍ കൈകേയി ഭരതനു വേണ്ടി രാജ്യം ദശരഥനില്‍ നിന്നും വാങ്ങിയെടുത്തു. കേകയ രാജ്യത്തായിരുന്ന ഭരത – ശത്രുഘ്നന്‍മാര്‍ ഇതൊന്നും അറിയുന്നില്ല. ദശരഥന്റെ മരണത്തോടെ അയോധ്യയില്‍ മടങ്ങിയെത്തിയ ഭരതന്‍ വിവരങ്ങള്‍ ധരിക്കുന്നു. ദുഃഖത്താല്‍ തളര്‍ന്ന ഭരതന്‍ കൈകേയിയോട് പരുഷവചനങ്ങള്‍ പറയുന്നു. ‘എനിക്ക് എന്തിന് രാജ്യം? അച്ഛനും ജ്യേഷ്ഠനും എന്നെ ഉപേക്ഷിച്ചു പോയി. പിതാവിനെ കൊന്നു. ജ്യേഷ്ഠനെ മുനിയാക്കി. ഞാന്‍ ഒരിക്കലും രാജ്യം ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ജ്യേഷ്ഠനെ അങ്ങേയറ്റം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.’ ഇവിടെ നമുക്ക് ഭരതന്റെ ത്യാഗം, സഹോദരസ്നേഹം, ധര്‍മ്മനിഷ്ഠ എന്നീ ഉദാത്ത ഭാവങ്ങള്‍ കാണാനാകും. രാമായണത്തിലെ ഹൃദയസ്പര്‍ശിയായ ഒരു ഭാഗമാണിത്.
ശ്രീരാമനെ വനത്തില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ഭരതന്‍ തയ്യാറെടുക്കുന്നു. വനത്തിലേക്കുള്ള യാത്രാമധ്യേ നിഷാദ രാജാവായ ഗുഹന് ഭരതന്റെ വനയാത്രയില്‍ സംശയം ജനിക്കുന്നു. ശ്രീരാമനെ നശിപ്പിക്കാനാകുമോ ഈ സന്നാഹമൊക്കെ? ശ്രീരാമചന്ദ്രന്‍ തനിക്ക് പിതാവിനെ പോലെയാണെന്നും അദ്ദേഹത്തെ തിരിച്ച് അയോധ്യയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് വനയാത്രയെന്നും ഭരതന്‍ ഗുഹനോട് പറഞ്ഞു. ഭരതന്റെ സഹോദരസ്നേഹവും ജ്യേഷ്ഠനോടുള്ള ബഹുമാനവും സത്യസന്ധതയും ഗുഹന്റെ മനംകുളിര്‍പ്പിച്ചു. ഗുഹന്‍ ഇങ്ങനെ പറഞ്ഞു ‘പ്രഭോ അങ്ങ് ധന്യന്‍മാരില്‍ ധന്യനാണ്. മുന്നില്‍ വന്ന മഹാലക്ഷ്മിയെ ഉപേക്ഷിക്കുവാന്‍ തയ്യാറായല്ലോ. അങ്ങയുടെ കീര്‍ത്തി മൂന്നു ലോകത്തും നിറഞ്ഞു നില്‍ക്കും’. ഒരു രാമായണ പഠിതാവിന് ഈ രംഗങ്ങളില്‍ ഭരതനോട് വളരെയധികം ബഹുമാനം ജനിക്കുന്നു.
അയോധ്യയുടെ രാജാവായി വാഴിക്കുവാനുള്ള ഭരതന്റെ അപേക്ഷ ഓരോ ന്യായങ്ങള്‍ നിരത്തി ശ്രീരാമന്‍ തടയുന്നു. സങ്കടം സഹിക്കവയ്യാതായ ഭരതന്‍ പര്‍ണശാലക്ക് മുന്നില്‍ ദര്‍ഭ വിരിച്ച് നിരാഹാരം അനുഷ്ഠിച്ചു. ശ്രീരാമന് കുണ്ഠിതമുണ്ടായി. കണ്ണു മൂടി കെട്ടി വ്രതമനുഷ്ഠിക്കുന്ന അനുജനോട് തന്നെയും ജലത്തെയും തൊട്ട് വ്രതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പൗരന്മാര്‍ എല്ലാം ശ്രീരാമന്‍ പറയുന്നതുപോലെ ചെയ്യുവാന്‍ ഭരതനോട് ആവശ്യപ്പെട്ടു. ഭരതന്‍ വ്രതം ഉപേക്ഷിച്ചു. ശ്രീരാമപാദുകങ്ങള്‍, പാദുകപട്ടാഭിഷേകം നടത്തി കായ്‌കനികള്‍ മാത്രം ഭക്ഷിച്ച് ജടാവല്‍ക്കലങ്ങള്‍ ധരിച്ച് പതിനാലുവര്‍ഷം നന്ദിഗ്രാമത്തില്‍ ഭരതന്‍ രാജ്യം ഭരിച്ചു.
രാവണവധത്തിനു ശേഷം മാത്രമാണ് നാം പിന്നീട് ഭരതചരിതങ്ങള്‍ കേള്‍ക്കുന്നത്. ശ്രീരാമന്‍ തന്റെ ആഗമന വാര്‍ത്ത ഭരതനെ അറിയിക്കുവാന്‍ ഹനുമാനെ ചുമതലപ്പെടുത്തി. ഭരതന്‍ രാജ്യാര്‍ഥിയായിട്ടുണ്ടോ എന്ന് അറിയുക ആയിരുന്നു പ്രധാനം. മനുഷ്യരൂപത്തില്‍ ഹനുമാന്‍ നന്ദി ഗ്രാമത്തിലെത്തി. ജടയും മരവുരിയും ധരിച്ച്, കായ്‌കനികള്‍ മാത്രം ഭക്ഷിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഭരതനെ ഹനുമാന്‍ ഇതുവരെ നടന്ന സംഭവങ്ങള്‍ അറിയിക്കുന്നു. അതു കേട്ട് സന്തോഷത്താല്‍ ഭരതന്‍ മൂര്‍ച്ഛിച്ചു വീണു. തിരികെയെത്തിയ ശ്രീരാമനോട്, ‘അങ്ങ് എന്നെ ഏല്‍പ്പിച്ച രാജ്യം ഞാനിതാ തിരികെ നല്‍കുന്നു, ഇതോടെ എന്റെ ജന്മം സഫലമായി’ എന്നാണ് ഭരതന്‍ പറയുന്നത്. രാമായണത്തിലെ ഈ കഥാപാത്രം സര്‍വവിധ സദ്ഗുണങ്ങളുടെയും വിളനിലമാണ്.
സി.കെ. കൃഷ്ണന്‍പോറ്റി
















