ഇരിട്ടി: പെരുമ്പറമ്പ് സ്വദേശിനിയായ അധ്യാപികയ്ക്ക് ഉറവിടമറിയാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്ന്ന്പായം പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു. വാര്‍ഡില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പെരുമ്പറമ്പില്‍ ചേര്‍ന്ന വാര്‍ഡ് തല ജാഗ്രതാ സമതി യോഗത്തിലാണ് തീരുമാനം.
വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു. പെരുമ്പറമ്പ്- മാവുള്ളകരി – ചടച്ചിക്കുണ്ടം – കല്ലുവയല്‍ റോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്- മഹാത്മാ ഗാന്ധി പാര്ക്ക്റോഡ്, പെരുമ്പറമ്പ്- ചേക്കല്‍ റോഡ്, കപ്പച്ചേരി-കരിയില്‍ റോഡ് എന്നീ റോഡുകളാണ് അടച്ചത്.
വാര്‍ഡ് പരിധിയിലെ മുഴുവന്‍ കടകളുംഅടച്ചിട്ടു. വാര്‍ഡ് പരിധിയിലെ സാംസ്കാരിക സ്ഥാപനങ്ങള്‍, വായനശാലകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, എന്നിവ നടത്തുവാന്‍ പാടില്ല.
വാര്‍ഡിലെയും സമീപ പ്രദേശത്തെയും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ രണ്ട് ആഴ്ചത്തേക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചു. പാല്‍വിതരണം പാടില്ലെന്നും കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകിട്ട് 3 മണി മുതല്‍ 4 മണി വരെയും പാല് സംഭരിക്കാന്‍ മാത്രമാണ് അനുമതി.
അവശ്യസാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഹോംഡെലിവറിയായി വീടുകളില്‍ എത്തിക്കുന്നതിന് സംവിധാനമൊരുക്കും. വാര്‍ഡ് പരിധിപൂര്ണ്ണമായും കണ്ടയിന്മെന്റ് സോണായതിനാല്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും മറ്റ് ജോലികള്‍ക്ക് പുറത്ത് പോകരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയിലും മറ്റുംപോകണമെങ്കില് വാര്‍ഡ് തല ജാഗ്രത സമതിയുടെ അനുമതി വാങ്ങണമെന്നും ജാഗ്രത സമിതിയില്‍ തീരുമാനമായി.
യോഗത്തില്‍ പഞ്ചായത്തംഗം വി.കെ. സുനീഷ് അദ്ധ്യക്ഷനായി. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്, ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന് കൊതേരി , എസ് ഐ റെജി സ്കറിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.പി. വനജ എന്നിവര്‍ പങ്കെടുത്തു.
അധ്യാപികയ്ക്ക് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധ്യാപികയുമായി പ്രാഥമിക സമ്പര്‍ക്ക ത്തിലായവര് മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ഇരിട്ടി പോലിസും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു .
ഇതിന്റെ ഭാഗമായി ആഗസ്ത് 4 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉച്ച ഭക്ഷണ കിറ്റ് വാങ്ങാന്‍ എത്തിയ രക്ഷിതാക്കള്‍ അടിയന്തിരമായും ഇരിട്ടി പോലിസ് സ്റ്റേഷനുമായോ അതാത് വാര്‍ഡ് തല നിരീക്ഷണ സമിതി ഭാരവാഹികളേയോ, വിവരമറിയിക്കണമെന്നും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഇരിട്ടി പോലിസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: