ആലപ്പുഴ: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതില്‍ പ്രതികൂട്ടിലായ പബ്ലിക് സര്‍വീസ് കമ്മീഷന്, റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനെതിരെ രംഗത്ത്. പിഎസ്സി ബുള്ളറ്റിന് പുതിയ ലക്കത്തിന്റെ ആമുഖക്കുറിപ്പില്‍ അസോസിയേഷനെ അപമാനിക്കുകയാണ് ചെയര്മാന് അഡ്വ.എം.കെ. സക്കീര്‍. പിഎസ്സി റാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കി ഭരണകക്ഷി അനുകൂലികളെയും, സ്വന്തക്കാരെയും തിരുകിക്കയറ്റുകയും, ഭരണം കണ്സള്ട്ടസിക്കാര് കൈയടക്കുകയും ചെയ്തതോടെ വ്യാപക ജനരോക്ഷമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്.
അടുത്തിടെ മാധ്യമങ്ങളിലൂടെ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്, പിഎസ്സി യുവാക്കളോട് കാട്ടുന്ന വഞ്ചനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. വലിയ ജനപിന്തുണയാണ് ഈ വിഷയത്തില്‍ അസോസിയേഷന് ലഭിച്ചത്. സിപിഎം നേതാക്കളും, പാര്‍ട്ടി മുഖപത്രവും, ചാനലും ഇതിനെതിരെ പ്രചരണം നടത്തിയെങ്കിലും വിലപ്പോയില്ല. ഈ സാഹചര്യത്തിലാണ് പിഎസ്സി ചെയര്മാന് തന്നെ നേരിട്ടെത്തിയത്.
റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ മോഹവലയത്തില്‍ വീണ് വഞ്ചിതരാകരുതെന്നാണ് ചെയര്മാന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുന്ന സാരോപദേശം. ചില അവസരങ്ങളില്‍ അസോസിയേഷന് സാമ്പത്തിക വിനിമയം നടത്തുന്നതായി പരാതിയുണ്ടെന്നും ചെയര്മാന് അധിക്ഷേപിക്കുന്നു. പിഎസ്സിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു അസോസിയേഷന്റെയും ആവശ്യമില്ലെന്നും ചെയര്മാന് പറയുന്നു.
എതിരാളികള്‍ക്കെതിരെ സിപിഎം പയറ്റുന്ന തന്ത്രമാണ് പിഎസ്സി ചെയര്‍മാനും നടത്തുന്നതെന്നാണ് വിമര്‍ശനമുയരുന്നത്. കുപ്രചാരണം നടത്തി മോശക്കാരാക്കി എതിരാളികളെ മാനസികമായും ശാരീരികമായും തകര്‍ക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി. ഇതേ അടവുനയമാണ് ചെയര്‍മാനും പയറ്റുന്നത്. സത്യം തുറന്നു പറയുകയും പിഎസ്സിയുടെ വഞ്ചനയ്ക്കെതിരെ കോടതിയെ വരെ സമീപിക്കുകയും ചെയ്ത അസോസിയേഷനെ മോശക്കാരാക്കുകയാണ് ലക്ഷ്യം.
എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചെയര്മാന് മൗനം പാലിക്കുയാണ്. സംസ്ഥാനത്തു പിന്‍വാതില്‍ നിയമനം ധാരാളമായി നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ ചെയര്‍മാന്റെ മുന്നറിയിപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പിഎസ്സിയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഒഴിവുവന്ന തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടുണ്ടോ, തസ്തികകള്‍ ഒഴിഞ്ഞു കിടക്കെ നിയമനം നല്‍കാതെ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച അനുഭവമുണ്ടായിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്തികകള്‍ നികത്തിയില്ല… തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചെയര്മാന് മൗനം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: