തിരുവനന്തപുരം: രാജമലയിലെ പെട്ടിമുടിയിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരെക്കുറിച്ചുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തിനെതിരെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സേവാഭാരതിയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രതികരണം തികച്ചും പ്രതീക്ഷിച്ചതുതന്നെയാണ്. 2018 ലെ മഹാപ്രളയകാലത്ത് അടയാളങ്ങളെക്കുറിച്ച് പിണറായി പ്രകടിപ്പിച്ച അതേ ഭീതി തന്നെയാണ് ഈ പ്രതികരണത്തിലും പ്രകടമാവുന്നത്. ചരിത്രം അടയാളപ്പെടുത്തുന്നവരോടുള്ള സ്വാഭാവിക പ്രതികരണം മാത്രം.
സേവാഭാരതി ആദരവ് നേടിക്കഴിഞ്ഞത് കോടാനുകോടി ജനങ്ങളുടെ ഹൃദയങ്ങളിലാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള കടുത്ത അസഹിഷ്ണുത. ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി പിആറിലൂടെ നേടാന്‍ സാധിക്കുന്നതല്ല യഥാര്‍ത്ഥ അംഗീകാരമെന്ന് പിണറായിയുടെ അനുഭവപാഠത്തില്‍നിന്ന് ഒന്നും പഠിക്കാനാവുന്നില്ലെന്നതാണ് വിജയരാഘവാദി സി. പി. എം നേതാക്കളും ആ പാര്‍ട്ടിയും നേരിടുന്ന വര്‍ത്തമാനകാലദുരന്തം.
സേവാഭാരതി എപ്പോഴും ജനങ്ങളോടൊപ്പമുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയെന്നും ഉണ്ടാവുകയും ചെയ്യും. കാരണം അത് ഈ നാടിന്റെ ഹൃദയസ്പന്ദനം തന്നെയാണ്. രാജമലയില്‍ ആദ്യം ഓടിയെത്തിയവരും അവരാണ് അവസാനം അവിടുന്നു പോകുന്നവരും അവര്‍തന്നെയായിരിക്കും. ‘തുല്യനിന്ദാസ്തുതിര്മൗനി സന്തുഷ്ടോയേനകേനചിത്’ എന്ന വിചാരമാണ് അവരെ എപ്പോഴും നയിക്കുന്നതെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: